മേലേ കാഞ്ചിയാര്‍ – നരിയമ്പാറ- കല്‍ത്തൊട്ടി -വെള്ളിലാംകണ്ടം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം 27 ന്

ശബരിമല പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നവീകരിക്കുന്ന മേലേ കാഞ്ചിയാര്‍- നരിയമ്പാറ- കല്‍ത്തൊട്ടി-വെള്ളിലാംകണ്ടം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബിജി പി.വി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻ്റെ കീഴിലുള്ള പ്രധാന ജില്ലാപാത വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് നരിയംപാറ-കൽത്തൊട്ടി- വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട റോഡ്. ഈ റോഡുകളുടെ നവീകരണത്തിലൂടെ കാര്‍ഷിക -ടൂറിസം മേഖലകള്‍ക്ക് പുതിയ ഉണര്‍വ് ലഭിക്കുകയും കട്ടപ്പന നഗരത്തില്‍നിന്നും വാഗമണ്‍, തേക്കടി, പീരുമേട് തുടങ്ങിയ പ്രധാന ടൂറിസം മേഖലകളിലേയ്ക്ക് ദ്രുതഗതിയില്‍ എത്തിച്ചേരാനുള്ള സൗകര്യം സാധ്യമാകും. ഈ റോഡ് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷത്തിലെ ശബരിമല പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 10.60 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ബി.എം.ബിസി നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന റോഡിന്റെ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ഡ്രയിനേജ് സംവിധാനം, സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവയാണ് പ്രവൃത്തിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ തുടങ്ങി ത്രിതല പഞ്ചായത്തംഗങ്ങള്‍, സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.













































































