പക്ഷിമൃഗാദികളിൽ അസാധാരണമായ ഭാവമാറ്റം കണ്ടോ? അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കുക
സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. പക്ഷിമൃഗാദികളിൽ മസ്തിഷ്ക, ശ്വാസസംബന്ധമായി അസാധാരണമായ എന്തെങ്കിലും ഭാവമാറ്റമോ അസ്വാഭാവിക മരണമോ ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം.
കരുതൽ വേണം
∙ ഫാമിന്റെ ഉൾവശവും പരിസരവും കൂടുതൽ ശുചിയായി സൂക്ഷിക്കണം. ഇതിനായി ബ്ലീച്ചിങ് പൗഡർ, കുമ്മായം, അലക്കുകാരം തുടങ്ങിയവ ഉപയോഗിക്കാം.
∙ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ കർശനമായ വ്യക്തിശുചിത്വം പാലിക്കണം.
∙ വവ്വാലുകൾ ഉപേക്ഷിച്ച നിലയിൽ കാണുന്ന കായ്കനികളും പഴവർഗങ്ങളും കന്നുകാലികൾക്ക് നൽകരുത്. വവ്വാലും മറ്റു പക്ഷികളും ഫാമുകൾക്കുള്ളിൽ പ്രവേശിക്കുന്നത് തടയുന്നതിന് ആവശ്യമായ നെറ്റ് ഉപയോഗിക്കുക.
∙ മൃഗങ്ങളെ പാർപ്പിക്കുന്ന ഷെഡുകളിൽ പ്രവേശിക്കുന്നതിനു മുൻപ് അണുനാശിനി കലർത്തിയ ഫൂട്ട് ഡിപ്പ് ക്രമീകരിക്കുക.
∙ രോഗലക്ഷണങ്ങളുള്ള സ്ഥലങ്ങളിൽനിന്ന് പക്ഷിമൃഗാദികളെ വാങ്ങുന്നത് ഒഴിവാക്കുക.
ഭയം വേണ്ട
കേരളത്തിൽ വളർത്തുമൃഗാദികളിലോ പക്ഷികളിലോ നിപ്പ രോഗം ഉണ്ടാവുകയോ അവരിൽനിന്ന് മനുഷ്യരിലേക്കു പകരുകയോ ചെയ്ത ആധികാരികമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർഷകർ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.