ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ പിടികൂടി പോലീസ്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നാല് പേർ പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ ബംഗളൂരുവിലേക്ക് ഒളിവിൽ പോകുകയായിരുന്നു.
പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
അതിനിടെ ഷാജൻ സ്കറിയെയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നുമുണ്ട്.
ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു.
















































































































