പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിന് പിഴ ഈടാക്കി സർക്കാർ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

ക്രമപ്പെടുത്തലിന്റെ പേരിൽ ഒരു പൈസപോലും പിഴ നൽകേണ്ട ബാധ്യത ജനങ്ങൾക്കില്ലയെന്ന് മാത്രമല്ല പിഴ ഈടാക്കാൻ സർക്കാരിന് അവകാശവുമില്ല. പട്ടയഭൂമിയിലെ അനധികൃത നിർമ്മാണം ക്രമപ്പെടുത്തൽ എന്ന സർക്കാർ വാദഗതി ശരിയല്ല. കാലാകാലങ്ങളിലെ സർക്കാരിന്റെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നിർമ്മിച്ചതും നിശ്ചിത ലൈസൻസ് ഫീസ്, റവന്യൂ ടാക്സ്, ലേബർ സെസ് എന്നിവ അടച്ചതും ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാർഷിക കെട്ടിട നികുതി അടച്ചു കൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളെ അനധികൃതമെന്ന് സർക്കാർ ചിത്രീകരിക്കുന്നത് വിചിത്രമാണ്. നിയമത്തിൽ ഏതെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് കാലാകാലങ്ങളിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിയമത്തിലെ പിഴവുകളുടെ ബാധ്യത ജനങ്ങളുടെ മേൽ കെട്ടിവെച്ച് അവരെ നിയമലംഘകരായി പ്രതിക്കൂട്ടിൽ നിർത്തുന്നത് ഒരു സർക്കാരിന് ചേർന്ന നടപടിയാണോ?. ഭൂമി കൃഷിക്കും ഭവന നിർമ്മാണത്തിനും എന്നതിനോടൊപ്പം മറ്റ് നിർമ്മാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് മുൻകാല പ്രാബല്യത്തോടെ ചട്ടത്തിൽ ഭേദഗതി വരുത്തി വളരെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന വിഷയം വഷളാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി സർക്കാർ മാറ്റിയെടുത്തിരിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ മേൽ കുതിരകയറുന്നതിനും അഴിമതിക്കുമുള്ള അവസരം സർക്കാർ സൃഷ്ടിക്കുകയാണ്. ഹൈറേഞ്ച് മേഖലയുടെ പുരോഗതി അട്ടിമറിച്ച് ജനങ്ങളെ പ്രതിസന്ധിയിലാക്കിയ കെട്ടിട നിർമ്മാണ നിരോധനം ആറു വർഷങ്ങൾ കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തത് മാപ്പർഹിക്കാത്ത ജനവഞ്ചനയാണ്. ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾക്കനുസരിച്ച് തുള്ളുന്ന ഇച്ഛാശക്തിയില്ലാത്ത സർക്കാരാണ് ജനങ്ങളുടെ ദുർഗതിക്ക് കാരണം. ജില്ലയിലെ മന്ത്രിയും ഇടതു നേതാക്കളും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ന്യായീകരണ തൊഴിലാളികളായി മാറിയിരിക്കുകയാണ്. നിർമ്മാണ നിരോധനം പിൻവലിച്ചെന്ന് കൊട്ടിഘോഷിച്ച് ജാഥയും പ്രകടനവും യോഗങ്ങളും നടത്തിയ ഇടതുപക്ഷ പാർട്ടികളും നേതാക്കളും ജനങ്ങളെ കബളിപ്പിച്ചതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









































































