ഇരട്ടയാര്‍ പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതായി എം എം മണി എംഎല്‍എ

ഇരട്ടയാര്‍ പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതായി എം എം മണി എംഎല്‍എ. ഇരട്ടയാര്‍- നാങ്കുതൊട്ടി- വാഴവര റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുചങ്ങല പ്രദേശത്ത് പട്ടയം നല്‍കാനുള്ള തീരുമാനം ചരിത്രമായി മാറി. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇക്കാര്യത്തില്‍ തനിക്കും ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു. ഇടുക്കിയുടെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല സൗകര്യ വികസനത്തില്‍ ഇടുക്കി മറ്റ് ജില്ലകളെക്കാള്‍ മുന്‍പന്തിയിലാണ്. ഉന്നത നിലവാരത്തിലുള്ള റോഡുകള്‍ ജില്ലയുടെ മുഖഛായ മാറ്റി. ഇതിലൂടെ ടൂറിസം രംഗത്തും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ജനപ്രതിനിധികള്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയാല്‍ വികസനം സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയുമെന്നും എം എം മണി പറഞ്ഞു.
ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിഷ ഷാജി, ജിന്‍സണ്‍ വര്‍ക്കി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ബി ഷാജി, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ, ടി എ ജോസഫ്, ജെസി ബെന്നി, ഷിബു സത്യന്‍, ഷാജി മഠത്തുംമുറി, മനോജ് ചുക്കുറുമ്പേല്‍, കുര്യന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.
ഉടുമ്പന്‍ചോല, ഇടുക്കി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇരട്ടയാര്‍- നാങ്കുതൊട്ടി- വാഴവര റോഡ്. ശബരിമല വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അടിമാലി- കുമളി ദേശീയപാതയിലെ വാഴവരയില്‍നിന്ന് ആരംഭിക്കുന്ന റോഡ് നാങ്കുതൊട്ടി, തുളസിപ്പാറ എന്നിവിടങ്ങളിലൂടെ ഇരട്ടയാറിലെത്തുന്നു.









































































