കട്ടപ്പന നഗരത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കട്ടപ്പന ടൗണുമായി ബന്ധപ്പെട്ട റോഡുകളെല്ലാം ബിഎംബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന വലിയകണ്ടം മാനാന്തടം പടി ജംക്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാനാന്തടം-ഭജനമഠം റോഡിന്റെ നവീകരണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
കട്ടപ്പന നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2022 – 23 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.
വാര്‍ഡ് അംഗം ഷാജി കൂത്തോടി, പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













































































