കലയന്താനി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ഉദ്ഘാടനം അഡീഷനല്‍ എസ്.പി ഇമ്മാനുവല്‍ പോള്‍ നിര്‍വഹിച്ചു. മികച്ച പരിശീലനത്തിലൂടെ വ്യക്തിത്വരൂപീകരണത്തിനും സ്വഭാവരൂപീകരണത്തിനും വിദ്യാര്‍ഥികളെ എസ്പിസി സഹായിക്കും. അതുവഴി സമൂഹത്തെ അടുത്തറിഞ്ഞു നല്ല തലമുറയായി വളര്‍ന്നു വരാന്‍ സാധിക്കുമെന്നും അഡീഷനല്‍ എസ്.പി പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തംഗം എം ജെ ജേക്കബ് എസ്പിസി ഓഫീസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിഇഒ ഷീബാ മുഹമ്മദ് എസ് പി സി ലൈബ്രറി ഉദ്ഘാടനം ചെയ്തു. തൊടുപുഴ എസ്. എച്ച്. ഒ മഹേഷ് കുമാര്‍ എസ് യൂണിഫോം വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കലയന്താനി സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്പിസി ഇടുക്കി എഡിഎന്‍ഒ എസ്.ആര്‍ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി.
കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റില്‍ അപേക്ഷ നല്‍കിയ 66 കുട്ടികളില്‍ നിന്ന് പ്രവേശനപരീക്ഷയും കായികക്ഷമത പരീക്ഷണവും നടത്തിയ ശേഷം 44 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലയില്‍ നിലവില്‍ 51 സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 17 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും, 29 എയ്ഡഡ് സ്‌കൂളുകളിലും, മൂന്ന് എം.ആര്‍.എസ്. സ്‌കൂളുകളിലും, രണ്ട് അണ്‍എയ്ഡഡ് സ്‌കൂളുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 3898 കേഡറ്റുകളാണുള്ളത്. അതില്‍ 1918 പേര്‍ സീനിയര്‍ കേഡറ്റുകളും 1980 പേര്‍ ജൂനിയര്‍ കേഡറ്റുകളുമാണ്.
എസ്പിസി തൊടുപുഴ സബ് ഡിവിഷന്‍ നോഡല്‍ ഓഫിസര്‍ ഇ.എസ് സിയാദ്, പ്രിന്‍സിപ്പല്‍ ജിജി ഫിലിപ്പ്, മുന്‍ ഹെഡ്മാസ്റ്റര്‍ ജോഷി മാത്യു, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോബി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ഷിജു ജോസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ആന്റണി പുലിമലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













































































