കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു

ഭിന്നശേഷി സംവരണത്തിന് അധ്യാപക തസ്തിക മാറ്റിവയ്ക്കുന്ന ക്രിസ്ത്യൻ എയ്ഡഡ് സ്കൂളുകളിലെ മറ്റു നിയമനങ്ങൾ അംഗീകരിക്കണമെന്ന ആവശ്യം നിരസിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. തികച്ചും വിവേചനപരമായ ഉത്തരവിലൂടെ പന്ത്രണ്ടായിരത്തോളം അധ്യാപക നിയമനങ്ങളാണ് അനിശ്ചിതത്വത്തിൽ ആയത്. എൻ എസ് എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്ന മറ്റു മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാതെയും, കോടതികളിൽ നൽകേണ്ട മറുപടികൾ വൈകിപ്പിച്ചും, സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് കാലതാമസം സൃഷ്ടിച്ചും സർക്കാർ നടത്തിയ നീക്കം അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയായി യോഗം വിലയിരുത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി അധ്യാപക നിയമനങ്ങൾ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമാണ് അംഗീകരിക്കുന്നത്. താൽക്കാലികമായെങ്കിലും നിയമനാംഗീകാരം ലഭിച്ച മറ്റ് ചില അധ്യാപകർക്ക് ഇതുവരെയും സ്ഥിരനിയമനാംഗീകാരം നൽകുന്നതിനും കഴിഞ്ഞിട്ടില്ല. ഇതിനാൽ ഇൻക്രിമെന്റ് പാസാക്കുവാനും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനും സാധിക്കുന്നില്ല. അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ മുഴുവൻ എയ്ഡഡ് സ്കൂൾ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുവാൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വം നൽകും. ഗുണമേന്മ വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ജീവിത ഗുണനിലവാരം നഷ്ടപ്പെട്ട അധ്യാപകരുടെ കണ്ണീർ വരും തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് ശക്തമായ താക്കീതാക്കി മാറ്റുവാൻ അധ്യാപക സമൂഹം ഒന്നിച്ചു പോരാടുന്നതിന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആഹ്വാനം ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് വിൻസെന്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, രൂപത ഡയറക്ടർ റവ ഫാ.എബ്രഹാം കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിറിയക് മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ റോബി കെ തോമസ്, ഷെറിൻ മേരി ജോൺ, തോമസ് ഡോമിനിക്, ജോമോൻ ജോസഫ്, റോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.









































































