പദ്ധതിയുണ്ട്, അറിയണം; വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
തൊടുപുഴ ∙ വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളിലേക്ക് ജില്ലയിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
∙ പടവുകൾ
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകൾ പദ്ധതിയിലൂടെ സർക്കാർ ധനസഹായം പ്രഫഷനൽ കോഴ്സ് പഠിക്കുന്നവർക്കു ട്യൂഷൻ ഫീസ് ,മെസ് ഫീസ് ,ഹോസ്റ്റൽ ഫീസ് എന്നിവയാണ് ലഭിക്കുക. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി സർവകലാശാലകളുടെ അംഗീകാരമുള്ള മെഡിക്കൽ, എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത് .
∙ മംഗല്യ
വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്നു. പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നൽകണം. 18നും 50 നും മധ്യേ പ്രായമായ വിധവകളുടെ പുനർവിവാഹത്തിനാണ് സഹായം ലഭിക്കുക അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ ആവശ്യമാണ് .
∙ അഭയകിരണം
സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്ത അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നു. വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ ആവരുത്. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത്. പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല
∙ സഹായഹസ്‌തം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒറ്റത്തവണയായി നൽകുന്ന ധനസഹായം. ഗ്രാൻഡ് ആയി 30000 രൂപ അനുവദിക്കും ഒറ്റയ്ക്കോ ഗ്രൂപ്പ് ആയോ സംരംഭം നടത്താം. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ,പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ജില്ലയിൽ നിന്നു 10 പേർക്കാണ് പദ്ധതി വഴി സഹായം ലഭിക്കുക
∙ വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
ബിപിഎൽ വിഭാഗക്കാരായ വിവാഹമോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ച വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് /പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്താനും കഴിയാത്തവർ, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾ, എആർടി തെറപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്കാണ് സഹായം ലഭിക്കുക.
∙ അപേക്ഷിക്കേണ്ട വിധം
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പൊതുജന പദ്ധതികൾ -അപേക്ഷ പോർട്ടൽ എന്ന വെബ്‌പേജിൽ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക .പൊതുജന പദ്ധതികൾ അപേക്ഷ പോർട്ടൽ എന്ന വെബ് പേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കിയുള്ള പേജ് തുറന്നുവരും. കൂടുതൽ വിവരങ്ങൾക്ക് 9400089619