ജില്ലയിലെ വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുവാന്‍ ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയുമായി ഇടുക്കി ജില്ലാ പോലീസ്

ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി സ്‌കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ക്യാമ്പസ് ബീറ്റ്‌സ്-ആന്റി നാര്‍കോട്ടിക് ക്യാമ്പയിനുമായി ഇടുക്കി ജില്ലാ പോലീസ്.
എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും ക്യാമ്പസ് ബീറ്റ്‌സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലയിലെ എല്ലാ കോളേജ് അധികൃതരുടെയും ഹോസ്റ്റല്‍ നടത്തിപ്പുകാരുടെയും യോഗം ഉടന്‍ വിളിക്കുമെന്നും ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. കോളേജുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ആന്റി റാഗിങ് സെല്ലുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. യുവതലമുറയെ ലഹരി മുക്തമാക്കി നല്ല ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് മേലുദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ആവശ്യമായ പോലീസ് സഹായം ഉറപ്പുവരുത്തും.
ജില്ലയില്‍ സ്‌കൂളുകളില്‍ നിലവിലുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി വിദ്യാലയങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്നുകളുടെ ലഭ്യത ഒഴിവാക്കുക, സ്‌കൂള്‍ പരിസരങ്ങളില്‍ ഗതാഗത നിയന്ത്രണം ഉറപ്പുവരുത്തുക എന്നിവയാണ് ക്യാമ്പസ് ബീറ്റ്‌സിന്റെ ലക്ഷ്യം.
കൂടാതെ വിദ്യാഭ്യാസം, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെയും സഹകരണത്തോടെ ലഹരിക്കെതിരെ പോരാടുക എന്നതും ക്യാമ്പസ് ബീറ്റ്‌സിന്റെ രൂപീകരണ ലക്ഷ്യങ്ങളാണ്. ക്യാമ്പസ് ബീറ്റ്‌സിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനു തന്നെയായിരിക്കും അതതു സ്‌കൂളുകളിലെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ചുമതലയും.
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായോ മറ്റെന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ മറച്ചുവയ്ക്കാതെ ഈ കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗുകള്‍ നല്‍കുന്നതിനും ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയ്ക്കുമുള്ള നടപടി സ്വീകരിക്കും.
സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും
പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. എല്ലാ മാസവും സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പെട്ടി തുറന്നു പരിശോധിച്ച് പരാതികളില്‍ നടപടി സ്വീകരിക്കും.
സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കല്‍ വീതവും പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതവും കൃത്യമായി പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്‌കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ പരിഹരിക്കും. ഗൗരവമായതില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവര്‍ക്കു കൈമാറും.
ജില്ലയില്‍ സ്‌കൂള്‍ പരിസരത്തു ലഹരി ഉപയോഗ സാധ്യതയുള്ളതായി അറിവായിട്ടുള്ള ഇരുപത്തി അഞ്ചോളം സ്‌കൂളുകളെ ഹോട്ട് സ്പോട്ട് ആയി കണക്കാക്കി പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്.
ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും രക്ഷാകര്‍ത്താക്കളെ കൂടി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിനായി എല്ലാ സബ് ഡിവിഷനുകളിലും സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി ക്ലാസ് എടുക്കുന്നവരുടെ പാനല്‍ തയാറാക്കി. കൂടാതെ എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.









































































