ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജലവിഭവ വകുപ്പിൻ്റെ ‘ സ്നേഹ തീർത്ഥം ‘
- ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ള നിര്‍ധന കുടുംബങ്ങള്‍ക്ക്
സൗജന്യ വാട്ടര്‍ കണക്ഷന്‍ പദ്ധതി ബുധനാഴ്ച
മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മാതാപിതാക്കള്‍ പകര്‍ന്നു കൊടുക്കുന്ന സ്‌നേഹം പോലും തിരിച്ചറിയാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കാനുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. എഞ്ചിനിയേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളാ വാട്ടര്‍ അതോറിറ്റിയും റോട്ടറി ഇന്റര്‍നാഷണലും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം വെട്ടുകാടുള്ള സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍ ‘സ്‌നേഹ തീര്‍ഥം’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച നിര്‍വഹിക്കും. ഒരുപാട് ദൂരം താണ്ടിയാണ് കുടുംബം കുടിവെള്ളം ശേഖരിച്ചിരുന്നത്. പദ്ധതിയില്‍ പെടുത്തി ഇവര്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വഞ്ചിയൂരുള്ള സമാന സാഹചര്യത്തിലുള്ള മറ്റൊരു കുടുംബത്തിനുള്ള കണക്ഷനും നല്‍കും.
കേരളത്തില്‍ ഇത്തരത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അയ്യായിരം മുതല്‍ പതിനായിരും രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടി വരുന്നത്. ഇത്തരം കണക്ഷനുകള്‍ക്ക് വാട്ടര്‍ ചാര്‍ജും ഒഴിവാക്കി നല്‍കും. നിലവില്‍ കുട്ടികളുടെ ചികിത്സയ്ക്കായി തന്നെ വലിയ തുക ചെലവിഴിക്കുന്ന കുടുംബങ്ങള്‍ക്ക് ഇതു വലിയ ആശ്വാസമായിരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നാം തീയതി നടക്കുന്ന ചടങ്ങില്‍ പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംഘടയുടെ പ്രസിഡന്റ് കൂടിയായി ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പങ്കെടുക്കും. മറ്റു ജില്ലകളിലും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് എഞ്ചിനിയേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളാ വാട്ടര്‍ അതോറിറ്റി വര്‍ക്കിങ് പ്രസിഡന്റ് വി.എസ്്.കൃഷ്ണകുമാര്‍ പറഞ്ഞു.
നിലവില്‍ വാട്ടര്‍ കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്ള നിര്‍ധന കുടുംബത്തിന് വാട്ടര്‍ ചാര്‍ജ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തീരുമാനമാകുന്ന മുറയ്ക്ക് ഇതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.