സ്കൂളിൽ അരിയില്ല, കുട്ടികൾ പട്ടിണിയിലേക്ക്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ അരി വിതരണം നിലച്ചിട്ട് ദിവസങ്ങളായി.
അരി ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിലക്കുകയും, കുട്ടികൾ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് ജില്ലയിലുടനീളമുള്ളത്.
അറക്കുളം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് അരി കയറ്റി മാവേലി സ്റ്റോറുകളിൽ എത്തിക്കുകയും, ഇവിടെ നിന്ന് സ്കൂളിൻ്റെ ചിലവിൽ അരി സ്കൂളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസ് ങ്ങളായി മാവേലി സ്റ്റോറുകളിൽ അരിസ്റ്റോക്ക് ഇല്ലാത്ത സാഹചര്യമാണുള്ളത്. അറക്കുളത്തു നിന്നും അരി കയറ്റി വിടുന്നതിലെ ,കയറ്റിറക്ക് കൂലിത്തർക്കമാണ് മാവേലി സ്റ്റോറുകളിൽ അരി എത്താത്തതിന് കാരണമായി മാവേലി സ്റ്റോറുകളിൽ നിന്ന് അറിയുന്നത്.
ഈ അദ്ധ്യയന വർഷത്തിൻ്റെ ആദ്യ ദിനങ്ങളിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ജില്ലയിലെ പകുതിയിലധികം സ്കൂളുകളിലും സ്കൂൾ തുറക്കുന്ന അന്നും അരി ലഭിച്ചിരുന്നില്ല. പല സ്കൂളുകളിലും ഒരാഴ്ചക്ക് ശേഷമാണ് അരി ലഭിച്ചത്.അന്ന് അരിയില്ലെങ്കിലും, കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും, ഇത് പ്രഥമാദ്ധ്യാപകരുടെ കടമയാണെന്നും, അരി വാങ്ങി ഉച്ചഭക്ഷണം കൊടുക്കണമെന്നും സർക്കാർ ഉത്തരവ് ഇറക്കി തടിയൂരി. ഈ ദിവസങ്ങളിൽ പ്രഥമാദ്ധ്യാപകർ വാങ്ങി നൽകിയ അരിയുടെ വില നാളിതുവരെയായും, സർക്കാർ തന്നുമില്ല.
ഒരു മാസത്തിന് ശേഷം വീണ്ടും സമാനമായ സാഹചര്യം രൂപപ്പെട്ട് വന്നിരിക്കുകയാണ്. കയറ്റിറക്ക് കൂലിയുടെ പേരിൽ കുട്ടികളെ പട്ടിണിയിലാക്കുന്ന സാഹചര്യമാണ് ഇപ്പോ ഴും രൂപപ്പെട്ട് വന്നിരിക്കുന്നത്.ജൂൺ മാസം പ്രഥമാദ്ധ്യാപകർ വാങ്ങി നൽകിയ എട്ട് ദിവസത്തെ അരിയുടെ വില തരാത്ത സാഹചര്യത്തിൽ, ഇനി ഈ വഞ്ചന അനുവദിക്കാൻ കഴിയില്ലന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.
എല്ലാമാസവും അഞ്ചാം തിയതി തന്നെ സ്കൂളിലെ ചിലവായ അരിയുടെ അളവും ആവശ്യമുള്ള അരിയുടെ അളവും സ്കൂളുകളിൽ നിന്ന് ശേഖരിച്ച് വിദ്യാഭാസ ഓഫീസർമാർ ജില്ലാ സപ്ളെ ഓഫീസർമാർക്ക് ഇൻഡൻ്റ് ചെയ്യുന്നതുമാണ്. ജൂലൈ മാസത്തിൽ ഒരു സ്കൂളിനും ഒരു കിലോ അരി പോലും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപു തന്നെ വിദ്യാഭ്യസ ഓഫീസർമാർ ഈ പ്രതി സന്ധിയുടെ കാര്യം, ജില്ലാ സപ്ലെ ഓഫീസറെ അറിയിച്ചിരുന്നതാണ്. പക്ഷേ നടപടികൾ ഒന്നും ഉണ്ടായില്ല.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് സാധുക്കളായ കുട്ടികൾക്ക് ഉച്ചഭക്ഷണവും, പാൽ, മുട്ട എന്നിവയും, പ്രഭാതഭക്ഷണവും നൽകി യിരുന്നതാണ്.ഇത് രക്ഷിതാക്കൾക്ക് ആശ്വാസവുമായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോൾ കെടുകാര്യസ്ഥതയുടെ പേരിൽ അട്ടിമറിക്കപ്പെടുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നിലച്ചാൽ പ്രധാനമായും ബാധിക്കുന്നത് ആദിവാസി മേഖലകളിലെയും, തോട്ടം മേഖലകളിലെ സ്കൂളുകളെയുമാണ്. സ്കൂളിലെ ഭക്ഷണത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ധാരാളം കുട്ടികൾ തോട്ടം മേഖലകളിലും, പിന്നോക്ക മേഖലകളിലുമുണ്ടെന്ന കാര്യം പ്രത്യേകം പരാമർശിക്കേണ്ടതാണ്.









































































