വി എസ് തൻ്റെ കൈവശഭൂമിയിൽ – സഖാവ് വിഎസ് ഇനി ഉറങ്ങുന്നത് ഇവിടെയാണ് വലിയചുടുകാട്

വി എസ് തൻ്റെ കൈവശഭൂമിയിൽ –
സഖാവ് വിഎസ് ഇനി ഉറങ്ങുന്നത് ഇവിടെയാണ് വലിയചുടുകാട് ആലപ്പുഴ.വലിയ ചുടുകാട്ടിൽ ജനകോടികളുടെ നായകൻ വി.എസ് അന്ത്യനിദ്രക്കെത്തുന്നു.പുന്നപ്ര വെടിവയ്പ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ പെട്രോൾ ഒഴിച്ചു ദഹിപ്പിച്ച ആലപ്പുഴ നഗരത്തിലെ രക്തസാക്ഷി സ്മാരകം നിലനിൽക്കുന്ന ഇടം – 50 സെൻ്റ് സ്ഥലം – 1957 ലെ EMS ഗവൺമെൻ്റ് അന്നത്തെ പാർടി ജില്ലാ സെക്രട്ടറി വി എസിൻ്റെ പേരിൽ പതിച്ചു നൽകി.
1946 ഒക്ടോബർ 20ന് തൊഴിലാളികൾ സ . പി. കെ.സി യുടെയും HK ചക്രപാണിയുടെയും VK കരുണാകരൻ്റെയും ഒക്കെ നേതൃത്വത്തിൽ അപ്ളോൻ അറോജിൻ്റെ ചാവടിയിൽ പ്രവർത്തിച്ച പുന്നപ്രയിലെ ( സമരഭൂമിക്ക് സമീപം) പോലീസ് ക്യാമ്പ് വാരിക്കുന്തങ്ങളും കയ്യിലുള്ള ആയുധങ്ങളുമായി ആക്രമിച്ചു. അതിനെ തുടർന്ന് നടന്ന വെടി വയ്പ്പിൽ നിരവധി പേർ മരിച്ചും മരിക്കാതെയും വീണു. പുന്നപ്രയിലും വയലാറിലും എത്ര പേർ മരിച്ചു എന്നതിന് കൃത്യമായ യാതൊരു കണക്കുമില്ല. കാണാതായവരുമുണ്ട്.
പുന്നപ്രയിൽ വെടി കൊണ്ട് വീണവരെ പോലീസ് ലോറിയിൽ ഇട്ട് വലിയ ചുടുകാട്ടിൽ കൂട്ടിയിട്ടു. അതിൽ നിന്നും ഇഴഞ്ഞു പോയി കുറ്റിക്കാട്ടിലൊളിച്ച് രക്ഷപെട്ടവരുമുണ്ട്. അവിടെ കൂട്ടിയിട്ട
മരിച്ചവരെയും മരിക്കാത്തവരെയും പെട്രോൾ ഒഴിച്ച് കത്തിച്ചു.
ഓരോ പുന്നപ്രവയലാർ വാർഷിക ദിനവും കമ്യൂണിസ്റ്റ് പാർടി ആചരിക്കുമ്പോഴും കുറേയേറെക്കാലം കോൺഗ്രസ്കാർ വഞ്ചനാദിനമായി ആചരിച്ച് കരിങ്കൊടി വച്ചതും ചരിത്രമാണ്.
58 ൽ VS ൻ്റെ പേരിൽ പതിച്ചു കിട്ടിയ ഭൂമിയിൽ രക്തസാക്ഷി സ്മാരകം ഉയർന്നു. ഒരു സ്തൂപവും അതിനു മുകളിൽ വാരി കുന്തവുമായി കുതിക്കുന്ന ഒരു തൊഴിലാളിയും ആയിരുന്നു ഡിസൈൻ ആലോചിച്ചത്. ആദ്യം സ്തൂപം മാത്രമേ ഉയർന്നുള്ളു.
1964 ൽ കമ്യൂണിസ്റ്റ് പാർടി രണ്ടായി. രണ്ട് പാർടികളും രണ്ടായി വാരാചരണ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. സ്മാരകം നിൽക്കുന്ന ഭൂമി VS ൻ്റെ പേരിൽ ആയതിനാൽ സ്വാഭാവികമായും CPI ക്ക് അവിടെ സ്മാരകം ഇല്ലാതായി.
TV തോമസിൻ്റെ കുശാഗ്ര ബുദ്ധിയിൽ ഒറ്റരാത്രി കൊണ്ട് വലിയ ചുടുകാട്ടിൽ റഷ്യൻ മാതൃകയിലുള്ള സ്മാരക സ്തൂപത്തിൻ്റെ സ്ട്രക്ചർ പൂർത്തിയായി. സംഘർഷഭരിതമായ കാലം. പുതിയ സ്മാരകം പൊളിച്ചു കളയാൻ CPIM പ്രവർത്തകർ ആലോചിച്ചു.
അവിടെയാണ് VS എന്ന കമ്യൂണിസ്റ്റിൻ്റെ ആർജവം കണ്ടത്. രക്തസാക്ഷി സ്മാരകത്തിൻ്റെ പേരിൽ ഒരു സംഘർഷവും പാടില്ല എന്ന് VS എന്ന ജില്ലാ സെക്രട്ടറിയുടെ ആജ്ഞാശക്തിക്കു മുന്നിൽ തർക്കം അവസാനിച്ചു.
ആ പുന്നപ്ര രക്തസാക്ഷികളും സ. പി. കൃഷ്ണപിള്ളയും അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലേക്ക് തൻ്റെ പേരിൽ പതിച്ചു കിട്ടിയ മണ്ണിലേക്ക് രക്ത സാക്ഷികൾക്കൊപ്പം നിതാന്തനിദ്രക്കായി അവർക്കൊപ്പം അലിഞ്ഞു ചേരാൻ സ. VS എത്തുന്നു.









































































