മാതൃകാജീവിതങ്ങളുടെഅഭാവംസമൂഹത്തിന്ദോഷകരം: മാർജോൺനെല്ലിക്കുന്നേൽ

മാതൃകാ ജീവിതങ്ങൾ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാലസഖ്യം സംഘടനകളുടെയും സംയുക്ത വാർഷികം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിന്റെ തലത്തിൽ നാം ആയിരിക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറണം. മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പുതുതലമുറയ്ക്കും സമകാലികർക്കും മാതൃകയാക്കാൻ പറ്റിയ ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തണം. ക്രൈസ്തവർ എന്ന നിലയിൽ ക്രിസ്തീയ വിശ്വാസവും ക്രിസ്തീയ ധാർമികതയും ശീലിക്കുന്നവരും അതിനു സാക്ഷ്യം വഹിക്കുന്നവരുമായി നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെ ആകമാനം നശിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ വ്യാപനം നടക്കുന്ന ഈ കാലഘട്ടത്തിൽ അതിനെ അതിജീവിക്കാൻ ദൈവവിശ്വാസത്തിന്റെയും സത്പ്രവർത്തികളുടെയും ലഹരി ജീവിതത്തോട് ചേർത്തു പിടിക്കുന്നവരെ മാതൃകയാക്കാൻ പുതുതലമുറയ്ക്ക് അവസരം ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗിന്റെ മാഗസിൻ പ്രകാശനം മോൺ. അബ്രഹാം പുറയാറ്റ് നിർവഹിച്ചു. ഈ വർഷത്തെ പ്രവർത്തനം മാർഗരേഖ മോൺ. ജോസ് നരിതൂക്കിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മികവുപുലർത്തിയ സൺഡേ സ്കൂളുകൾക്കും സംഘടനാ യൂണിറ്റുകൾക്കും യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടുക്കി രൂപതാ ക്രിസ്തുജ്യോതി വിശ്വാസ പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും ഡയറക്ടർ റവ. ഫാ.ഫിലിപ്പ് ഐക്കര, റവ.ഫാ. ജിതിൻ പാറയ്ക്കൽ, റവ.ഫാ ജൂബിൻ കായംകാട്ടിൽ, റവ.ഫാ. സെബാസ്റ്റ്യൻ വടക്കേൽ ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് ശ്രീ. സെസിൽ ജോസ്, മാർട്ടിൻ മാത്യു, ജെയിംസ് തോമസ്, സിസ്റ്റർ സ്റ്റാർലറ്റ് സി എം സി എന്നിവർ നേതൃത്വം നൽകി.









































































