ഗ്യാസ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലാണ് ദാരുണ സംഭവം നടന്നത്.
വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ പൊള്ളലേറ്റ രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.













































































