വാരിക്കുഴിയായി ശുചിമുറിക്ക് മുൻപിലെ ഓട

പഞ്ചായത്ത് ബസ് സ്‌റ്റാൻഡിൽ ശുചിമുറിക്ക് മുൻപിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ഓട അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം ഓടയിൽ കൂടുങ്ങിയ യുവാവിന്റെ കാലിന് സാരമായി പരുക്കേറ്റു. നെടുങ്കണ്ടം-അമ്പിളിയമ്മൻ കാനം സ്വദേശി മാണികുളത്ത് എം.ആർ.രാജേഷിനാണ് (40) പരുക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.
രാത്രി ഓട്ടോ ഓടിക്കുന്ന രാജേഷ് ബസ് സ്‌റ്റാൻഡിനുള്ളിലെ ശുചിമുറിയിൽ കയറിയ ശേഷം തിരികെ ഇറങ്ങുമ്പോൾ സ്ലാബുകൾക്കിടയിലൂടെ കാൽ അകത്തേക്ക് വീഴുകയായിരുന്നു തനിയെ കയറാൻ കഴിയാതെ പത്തു മിനിറ്റോളം ഓടയിൽ കുടുങ്ങിയ യുവാവിനെ പിന്നീട് മറ്റുള്ളവർ ചേർന്ന് കയറ്റുകയായിരുന്നു. ഡ്രൈവറായ രാജേഷിന് രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത് രാജേഷ് അപകടത്തിൽപെട്ട ദിവസം തന്നെ മറ്റൊരാൾക്കും ഓടയിൽ വീണ് പരുക്കേറ്റിരുന്നു.
ഏറെ നാളുകൾക്ക് ശേഷം തുറന്നു നൽകിയ ബസ് സ്‌റ്റാൻഡിനുള്ളിലെ ശുചിമുറിക്ക് മുൻപിൽ പുതുതായി നിർമിച്ച ഓടയാണ് നാട്ടുകാരെ വീഴിക്കുന്ന വാരിക്കുഴിയായി മാറിയിരിക്കുന്നത് സ്ലാബുകളിട്ട് ഓട മൂടിയിട്ടുണ്ടെങ്കിലും സ്ലാബുകൾ കൃത്യമായി വിരിച്ചിട്ടില്ല. ഇവിടെ രൂപപ്പെട്ടിരിക്കുന്ന വിടവുകളാണ് അപകടകാരണം. എത്രയും വേഗം അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ഓടെ സുരക്ഷിതമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം









































































