കനത്ത വിലയിടിവ് നേരിടുന്നതിനു പിന്നാലെ ഏലം കര്‍ഷകരെ ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍


കട്ടപ്പന: കനത്ത വിലയിടിവ് നേരിടുന്നതിനു പിന്നാലെ ഏലം കര്‍ഷകരെ ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത് വ്യാപക പണപ്പിരിവ്. കഴിഞ്ഞ ദിവസം കുമളി മേഖലയില്‍ പണപ്പിരിവ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന്‍ വി. ചെറിയാന്‍, ബീറ്റ് ഓഫീസര്‍ എ. രാജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ ഏലം കര്‍ഷകരുടെ വീടുകളില്‍ എത്തി പണപ്പിരിവ് നടത്തുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നതോടെയായിരുന്നു നടപടി.
അതേസമയം കര്‍ഷകര്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത് വ്യാപക പണപ്പിരിവാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കേസില്‍ പെടുത്താതിരിക്കാനാണ് പണം ചോദിക്കുന്നത്. പിരിവ് കൊടുക്കാത്തവരെ കുത്തകപാട്ട ഭൂമിയില്‍ നിന്നും മരം മുറിച്ചു എന്നതടക്കമുള്ള കേസുകളില്‍ പെടുത്തുകയാണ് പതിവ്. കേസും നൂലാമാലകളും ഒഴിവാക്കാനായി പലരും പണം കൊടുത്ത് ഒഴിവാകുകയാണ് പതിവ്. ഏലം കുത്തകപാട്ട മേഖലയിലെ മരങ്ങളില്‍ നിന്നും ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ ഏലക്കാ ഉണങ്ങാനുള്ള സ്റ്റോറിലേക്കും മറ്റും കര്‍ഷകര്‍ എടുക്കാറുണ്ട്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ഭീഷണി. ഏലക്ക ഉണങ്ങുന്നതിനായി വര്‍ഷത്തില്‍ 12 മാസവും ഏലം സ്റ്റോറുകളില്‍ വിറക് ആവശ്യമാണ്. വില കൊടുത്ത് വിറക് വാങ്ങുന്നത് കര്‍ഷകര്‍ക്ക് ലാഭകരമല്ല. ഇതിനാലാണ് തോട്ടങ്ങളില്‍ ഉണങ്ങി വീഴുന്ന വിറക് തന്നെ ഇതിനായി ശേഖരിക്കുന്നത്. എന്നാല്‍ കുത്തകപാട്ട ഭൂമിയില്‍ നിന്നും ഇത്തരത്തില്‍ വിറക് വെട്ടുന്നത് നിയമപരമായി കുറ്റകരമാണെന്ന വാദം നിരത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ സമീപിക്കുന്നത്. തോട്ടത്തിന്റെ വലിപ്പമനുസരിച്ചാണ് പിരിവ്. 2000 മുതല്‍ 10,000 രൂപ വരെ ഒരു കര്‍ഷകനില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിരിക്കാറുണ്ട്. ജില്ലയില്‍ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, നെടുങ്കണ്ടം, കല്ലാര്‍, കുമളി, പുളിയന്‍മല, വണ്ടന്‍മേട്, കമ്പംമെട്ട് മേഖലകളിലെല്ലാം ഇത്തരത്തില്‍ വ്യാപകമായി പിരിവ് നടത്തുന്നുണ്ട്.
സംശയം തോന്നാതിരിക്കാന്‍ മഫ്തിയില്‍ ടാക്‌സി കാറുകളിലെത്തിയാണ് പിരിവ്. പിരിക്കുന്ന തുക ഉദ്യോഗസ്ഥര്‍ വീതം വക്കുകയാണെന്നാണ് വിവരം. പണപ്പിരിവില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
ഓണം, ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളിലാണ് പ്രധാനമായും പണപ്പിരിവ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായും പിരിവ് നടത്താറുണ്ട്. കനത്ത വിലയിടിവ് നേരിടുന്നതിനിടെയിലാണ് ഏലം കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നത്.