വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും പ്രഥമ ശുശ്രൂഷയും കരുതലുമൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രി

വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും പ്രഥമ ശുശ്രൂഷയും കരുതലുമൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ വി.എസ് ബെറ്റിയും ഇഎൻടി വിഭാഗം ഡോക്ടർ ഗിരീഷ്‌മ മത്തച്ചനും. ഞായറാഴ്ച രാവിലെ 9ഓടെയാണ് കാഞ്ചിയാർ സ്വദേശിനിയെ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ഗെനക്കോളജി വിഭാഗം ഡോക്ടറും സൗകര്യവുമില്ലാത്ത താലൂക്ക് ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിലെത്തിയ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ശുശ്രൂഷ നൽകിയത്. കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ ഇവർ പരിശോധനയ്ക്കായി പോയിരുന്നു. ജൂലൈ 7 നാണ് പ്രസവ തീയതി നൽകിയത്. ഇതിനിടയിലാണ് വീട്ടിൽ പ്രസവം നടന്നത്. സംഭവത്തിൽ പരിഭ്രാന്തരായ വീട്ടുകാർ ഇവരെ കട്ടപ്പന താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വി എസ് ബെറ്റി പ്രഥമ ശുശ്രൂഷ നൽകുകയും ഡിഎംഒ ഇൻചാർജ് ഡോ. ഗിരീഷ്മ മത്തച്ചനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും തുടർ ചികിത്സകൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.









































































