നാടാര്‍ ക്രിസ്ത്യന്‍ സംവരണം സ്റ്റേ ചെയ്ത ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി


കൊച്ചി: നാടാര്‍ ക്രിസ്ത്യന്‍ സംവരണം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി.
പിന്നാക്ക വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
നിയമനിര്‍മാണം സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്താനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മറാത്ത സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് സംവരണം സ്റ്റേ ചെയ്തതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍. നാടാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അധിക സംവരണം ഏര്‍പ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്.
സിംഗിള്‍ ബെഞ്ചിന് തെറ്റ് പറ്റിയെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍, സിഎസ്‌ഐ നാടാര്‍ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ കേന്ദ്ര പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനുമതി നല്‍കി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രില്‍ നാലിന് ഉത്തരവിറക്കിയിട്ടുണ്ട്.
സിഎസ്‌ഐ ഇതര ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ പട്ടികയില്‍ പെടുത്തിയ സംസ്ഥാന പിന്നാക്ക കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. മറാത്ത സംവരണക്കേസിലെ മേയ് അഞ്ചിലെ വിധിയില്‍ മുന്‍പുള്ള പട്ടികകള്‍ തുടരാനാണ്
സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.
ദേശീയ പിന്നാക്ക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്ര പട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നതുവരെ നിലവിലുള്ള പട്ടികകള്‍ തുടരാമെന്നാണ് ഭൂരിപക്ഷ ബെഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യം സിംഗിള്‍ ബെഞ്ച് അവഗണിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗങ്ങളെ നാടാര്‍ സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ചില സംഘടനകളുടെ ആവശ്യം ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.