മാറും, സർട്ടിഫിക്കറ്റ് രാജ്; എന്തിനുമേതിനും സർട്ടിഫിക്കറ്റ് വേണ്ട, പകരം സത്യവാങ്മൂലം


തിരുവനന്തപുരം ∙ ജനങ്ങളോട് എന്തിനുമേതിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പകരം അപേക്ഷകർ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരിക്കെ ഭരണപരിഷ്കാര കമ്മിഷൻ സമർപ്പിച്ച അഞ്ചാം റിപ്പോർട്ടിലെ നിർദേശം അംഗീകരിച്ചാണു മാറ്റം.
പരീക്ഷയ്ക്കോ ജോലിക്കോ അപേക്ഷിക്കുമ്പോൾ പിഎസ്‌സിയും മറ്റു വകുപ്പുകളും സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്. തിരഞ്ഞെടുക്കപ്പെടുകയോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയോ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് ചോദിച്ചാൽ മതിയെന്നും ചീഫ് സെക്രട്ടറി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനിച്ചു.
ഓരോ വകുപ്പും പല ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. ഇതിനു മുന്നോടിയായി ഇപ്പോൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക തയാറാക്കണം. തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്ന വകുപ്പും അവ സ്വീകരിക്കുന്ന വകുപ്പുകളും തമ്മിൽ ആശയവിനിമയം നടത്തി ഒഴിവാക്കാവുന്നവയുടെ പട്ടിക തയാറാക്കണം. ഓൺലൈൻ സംവിധാനമായ ഡിജിലോക്കറിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലേ വകുപ്പുകൾ ഇനി സർട്ടിഫിക്കറ്റ് നൽകാവൂ. വകുപ്പുകളുടെ സർട്ടിഫിക്കറ്റ് വിതരണ സംവിധാനത്തെ പിഎസ്‌സിയുമായും മറ്റു റിക്രൂട്മെന്റ് ബോർഡുകളുമായും ബന്ധിപ്പിച്ചാൽ ആധികാരികത നേരിട്ടു പരിശോധിക്കാം.
ഏതെങ്കിലും സാഹചര്യത്തിൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകേണ്ടി വന്നാൽ അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. വകുപ്പുകളെ ഏകോപിപ്പിച്ച് പരിഷ്കാരങ്ങൾ പൊതുഭരണ വകുപ്പ് നടപ്പാക്കും.