പാല് കുപ്പിയിലാക്കാൻ മിൽമ

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളിൽ പാൽ വാഗ്ദാനം ചെയ്തുകൊണ്ട് മിൽമ. ആദ്യമായാണ് മിൽമ കവർ പാലിനൊപ്പം ഇത്തരത്തിൽ കുപ്പിയിലടച്ച പാൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പരിസ്ഥിതി അവബോധവും പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് പരിഹാരങ്ങൾക്കായുള്ള ആഗ്രഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം. സ്വകാര്യകമ്പനികൾ ഇത്തരത്തിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത് എന്നാണ് വിവരം.
പാൽ വാങ്ങുന്നതിന് കൂടുതൽ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മാർഗം നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ 10,000 ലിറ്റർ കുപ്പിപ്പാൽ നിത്യേന വിൽക്കാനാണ് മിൽമ ഇതുവഴി ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിൻറെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുന്നത്. കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം അവശേഷിക്കുന്നത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് ഇവ വിപണിയിൽ എത്തിക്കുന്നത്.
പ്ലാസ്റ്റിക് പാക്കേജിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പാൽ വിതരണത്തിനായി വെൻഡിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതും മിൽമ പരിശോധിക്കുന്നുണ്ട്. ഈ സംരംഭത്തിന് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. കൂടാതെ വൃത്തിയാക്കലിനും പുനരുപയോഗത്തിനുമായി ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകാൻ ഉപഭോക്താക്കളെ മിൽമ പ്രോത്സാഹിപ്പിക്കുന്നു. 56 രൂപയ്ക്കാണ് ഒരു ലിറ്റർ കവർപാൽ വിൽക്കുന്നത്. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാൽ കൂടുതൽ പാൽ വിൽപ്പനയ്ക്കെത്തിക്കും.
‘മിൽമ’ യുടെ അപരൻ ‘മിൽന’
തിരുവനന്തപുരം: ‘മിൽമ’ യുടെ അപരൻ ‘മിൽന’. മിൽമയുടെ പേരും ഡിസൈനും അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ വിധിച്ച് കോടതി. മിൽന എന്ന കമ്പനിക്കെതിരെയാണ് നടപടി.തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് പിഴ ചുമത്തിയത്. മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും ഉപയോഗിച്ചാണ് പാൽ വിപണിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നാലെ മിൽമ പരാതി നൽകുകയായിരുന്നു. മിൽമയ്ക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കിയിട്ടുണ്ട്.ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉൾപ്പടെയാണ് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചു.
മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമ ചെയർമാൻ കെ എസ് മണി പ്രതികരിച്ചു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ ജനങ്ങളോട് അഭ്യർഥിച്ചു.മലബാർ മേഖല യൂണിയനിൽ 75,000വും തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകളിൽ യഥാക്രമം 2.5ഉം, 1.5ഉം ലക്ഷം ലിറ്ററിൻറെയും കുറവാണ് അനുഭവപ്പെടുന്നത്.
കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്റർ പാൽ മിൽമ ഇറക്കുമതി ചെയ്താണ് പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം ലിറ്റർ പാൽ പ്രതിദിനം ആവശ്യമുണ്ട്. എന്നാൽ, മൂന്ന് യൂണിയനുകളിലുമായി 13 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ടര ലക്ഷത്തോളം ലിറ്റർ പാൽ പ്രതിദിനം ലഭിച്ച പാലക്കാട്ട് ഇപ്പോൾ 2,02,000 ലിറ്ററാണ് ലഭിക്കുന്നത്.













































































