സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു; തടയാൻ ശ്രമിച്ച പേരക്കുട്ടിക്കും പരിക്ക്

വെള്ളത്തൂവൽ ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്. ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ശകുന്തളയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ മാല അറത്തുമാറ്റി. രണ്ടാമത്തെ മാല അറുത്തെടുക്കുന്നതിനിടയിൽ ഉണർന്നപ്പോൾ കഴുത്തിനു കുത്തുകയായിരുന്നു.
ശകുന്തളയുടെ നിലവിളി കേട്ടെത്തിയ അഭിഷേകിന് നേരെ ഇയാൾ കത്തി വീശി. ഒഴിഞ്ഞുമാറുന്നതിനിടയിൽ അഭിഷേകിന്റെ ചെവിക്ക് പിന്നിലും മുറിവേറ്റു. ശകുന്തളയുടെ മകൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് പ്രദേശവാസികൾ എത്തി ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശകുന്തളയും മകൾ ജയറാണിയും പേരക്കുട്ടി അഭിഷേകുമായിരുന്നു വീട്ടിൽ താമസം.
വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസ് എടുത്തു. പ്രതിയായ രാജ്കുമാർ രണ്ടുവർഷം മുമ്പാണ് ചിത്തിരപുരത്ത് എത്തിയത്. ഈ കുടുംബവുമായി പരിചയമുണ്ടെന്നും റിസോർട്ടുകളിൽ ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്നയാളാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെയും മുത്തശ്ശിയുടെയും മുറിവ് സാരമുള്ളതല്ലെന്ന് വെള്ളത്തൂവൽ എസ്.ഐ. ഷാജി പറഞ്ഞു.









































































