ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പണി കൊടുത്ത് ബ്രെത്ത് അനലൈസര്‍

പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു വേറിട്ടൊരു സംഭവം നടന്നത്.
കൊട്ടാരക്കര സ്വദേശിയായ ഡ്രൈവറുടെ വീട്ടിൽ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചിരുന്നു. ഇദ്ദേഹം മറ്റു ജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതി കുറച്ചു ചക്കപ്പഴം പൊതിഞ്ഞെടുത്തു.
ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാർ ചക്ക കുഴ കഴിക്കുകയും ചെയ്തു. എന്നാൽ രാവിലെ സ്ഥിരമായുള്ള ബ്രെത്ത് അനലൈസര്‍ സമയത്താണ് പണി പാളിയെന്ന് മനസിലായത്.
ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ഊതിയപ്പോൾ ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. എന്നാൽ താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു.
ഒടുവില്‍ ഊതിക്കാന്‍ നിയോഗിച്ച ആള്‍ തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം കാണിച്ചു. പിന്നാലെ ചക്കച്ചുള കഴിച്ചു കഴിഞ്ഞ് ഊതിയപ്പോള്‍ അദ്ദേഹവും മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍ ചൂണ്ടിക്കാട്ടി.
തുടർന്ന് ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്ക തന്നെയെന്ന് അധികതരും ഉറപ്പിച്ചു. ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യൂ.
നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.













































































