ഖമനയി വധം: ‘കേന്ദ്രത്തിന്‍റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല’; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും സോണിയ ആരോപിച്ചു. ദി ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് സോണിയയുടെ പ്രതികരണം. ഖമനയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ വിമർശനം.
ഇറാനിൽ ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലിനെയാണ് സൂചിപ്പിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തുടക്കത്തിൽ ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ വലിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, ഇറാൻ നടത്തിയ തിരിച്ചടിയെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി. അതിന് മുമ്പുണ്ടായ സംഭവത്തെ കുറിച്ചൊന്നും പരാമർശിക്കാതെ അദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെക്കുകയാണ് ഉണ്ടായതെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഒരു അന്താരാഷ്ട്ര നേതാവിനെ അവരുടെ രാജ്യത്ത് കടന്നുകയറി വധിക്കുക എന്നത്,
അന്താരാഷ്ട്ര നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന് മുതൽക്കൂട്ടാകില്ല, തകർക്കുകയേ ഉള്ളൂ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിശബ്ദത ലോകക്രമത്തിന്റെ തകർച്ച എളുപ്പത്തിലാക്കും.
ഇന്ത്യയുടെ സ്വതന്ത്രനിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നൽകിയത്. എന്നാൽ ഇറാൻ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ നയങ്ങളെയും വിശ്വാസ്യതയെയും സംശയമുനയിൽ നിർത്തുന്നതാണെന്നും സോണിയ പറയുന്നു.
ഇറാനിലുണ്ടായ ആക്രമണത്തിന്റെ സമയം ആശങ്കപ്പെടുത്തുന്നതാണ്. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിന് ഏകദേശം 48 മണിക്കൂർ മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ഇസ്രയേലിൽനിന്ന് തിരിച്ചെത്തിയത്. അവിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭരണകൂടത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. ഗസയിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണിതെന്നും സോണിയ പറഞ്ഞു.
ഇറാൻ ഇന്ത്യക്കൊപ്പം ഒരു നിർണായക ഘട്ടത്തിൽ കൂടെ നിന്നിട്ടുണ്ടെന്നും സോണിയ ഓർമിപ്പിച്ചു. 1994ൽ കശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് യുഎൻ കമ്മീഷനിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ ഇന്ത്യക്കെതിരെ പ്രമേയം കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അത് തടയുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇറാനാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ മുന്നേറ്റ സമയത്ത് ഈ പ്രശ്‌നം ഒരു ആഗോള വിഷയമായി മാറാതിരിക്കാൻ ഇറാന്റെ ശ്രമം സഹായിച്ചുവെന്നും സോണിയ പറയുന്നു.
2001 ഏപ്രിലിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പെയി ഇറാൻ സന്ദർശിച്ചതും ഇറാനുമായുള്ള രാജ്യത്തിന്റെ ആഴമേറിയ ബന്ധം ഊട്ടിയുറപ്പിച്ചതും ഇന്നത്തെ കേന്ദ്ര സർക്കാർ ഓർക്കണമെന്നും സോണിയ വ്യക്തമാക്കുന്നു.
ഇറാൻ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ലേഖനം പങ്കുവെച്ചാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്ര തലവനെ ലക്ഷ്യം വെച്ചുള്ള ആക്രമണം പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. നിഷ്പക്ഷത ഉപേക്ഷിക്കപ്പെടുന്നത് രാജ്യത്തിന്‍റെ വിദേശനയത്തിന്‍റെ വിശ്വാസ്യതയിൽ സംശയങ്ങൾ ഉയർത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.













































































