ജൈവവള വിതരണ വിവാദം;സർക്കാർ തീരുമാനം തന്റെ തലയിൽ വയ്ക്കാൻ എൽഡിഎഫ് കൗൺസിലർ ശ്രമിക്കുന്നുവെന്ന് ഷൈനി സണ്ണി
ജൈവവള വിതരണ വിവാദത്തിൽ മറുപടിയുമായി കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി.സംസ്ഥാന സർക്കാരിന്റെ പൊതു തീരുമാനം നഗരസഭാ അധ്യക്ഷയുടെ തലയിൽ വയ്ക്കുന്നത് ശരിയല്ല, ആരോപണമുന്നയിക്കുന്നവർ കാര്യങ്ങൾ പഠിച്ച് പറയാനെങ്കിലും ശ്രമിക്കണമെന്നും ഷൈനി പറഞ്ഞു.കട്ടപ്പന നഗരസഭ ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തിയാണ് 75% സബ്സിഡി നിരക്കിൽ നൽകുന്ന ജൈവ വള വിതരണമാണ് വിവാദത്തിലായത്.മുൻ കാലങ്ങളിലേതിന് വിഭിന്നമായി ഉപഭോക്താക്കൾ മുഴുവൻ തുകയും അടച്ച് വളം കൈപ്പറ്റിയതിന് ശേഷം ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിൽ നൽകാനാണ് കാർഷിക വകുപ്പിന്റെ തീരുമാനം,എന്നാൽ കൂടിയാലോചനകൾ നടത്താതെ ഈ നിലയിൽ വളം വിതരണം നടത്തിയത് ചെയർപേഴ്സന്റെ ഏകപക്ഷീയ തീരുമാനമാണെന്ന് എൽഡിഎഫ് കൗൺസിലർ ഷാജി കൂത്തോടിയിൽ ആരോപിച്ചിരുന്നു,യുഡിഎഫ് കൗൺസിലറായ ഷമേജ് കെ ജോർജ് കൃഷിഭവന് മുന്നിൽ നടത്തിയ സമരത്തെ പരിഹസിച്ചായിരുന്നു ഷാജി കൂത്തോടിയിലിന്റെ വിമർശനം,ഈ വിമർശനത്തിനെതിരെയാണ് കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ രംഗത്ത് വന്നിരിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാര്യങ്ങൾ പഠിച്ച് പറയാൻ ഷാജി കൂത്തോടിയിൽ ശ്രമിക്കണമെന്നും, വിമർശനങ്ങൾ വ്യക്തിപരമാകരുതെന്നും ഷൈനി സണ്ണി പറഞ്ഞു.ഷാജി കൂത്തോടിയിലിന്റെ പരാമർശം അടിസ്ഥാന രഹിതവും കാര്യങ്ങൾ അറിയാതെയുമാണെന്ന് കൃഷിഭവന് മുൻപിൽ സമരം നടത്തിയ ഷമേജ് കെ ജോർജും കുറ്റപ്പെടുത്തി.എല്ലാ വിഷയങ്ങളിലും കുറ്റം കണ്ടുപിടിക്കുന്ന ഷാജി കൂത്തോടിയിൽ സമൂഹത്തിന് മുൻപിൽ സ്വയം അപഹാസ്യനാകുകയാണ്, വിമർശനമുന്നയിക്കുമ്പോൾ അറിയുന്ന ആരോടെങ്കിലും ആരോപിക്കുന്ന വിഷയം ചോദിച്ച് മനസിലാക്കണം,കഴിയില്ലെങ്കിൽ കൗൺസിലർ മിണ്ടാതെയിരിക്കണമെന്നും ഷൈനി സണ്ണി വിമർശിച്ചു.