സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കില്ല; വീണ്ടും പോരിലേക്കോ?


നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിട്ടേക്കില്ല. ചാൻസലറുടെ അധികാരം വെട്ടികുറയ്ക്കുന്നതാണ് ബില്ലുകൾ എന്നാണ് നിയമോപദേശം. ഈ സാഹചര്യത്തിൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനാണ് ആലോചന. എട്ട് സർവകലാശാലകളിലെ നിയമം ഭേദഗതി ചെയ്ത ബില്ലുകളാണ് ഉള്ളത്. സ്വകാര്യ സർവകലാശാല ബില്ലിൽ ഗവർണർ ഒപ്പിടുമെന്നും വിവരമുണ്ട്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയത്. അന്ന് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് രാജ്ഭവന്റെ നിലപാട്. രാജേന്ദ്ര അർലേക്കർ ഗവർണറായി എത്തിയശേഷം ആദ്യമായാണ് ബില്ലിന്റെ പേരിൽ സർക്കാരുമായി ഏറ്റുമുട്ടുന്നത്.