ഡാം തുറക്കൽ: മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം


ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ലാ കളക്ടറുടെ കർശന ഉത്തരവ്. ഡാമുകൾ തുറക്കേണ്ട സാഹചര്യങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ആറ് മണിക്കൂർ മുൻപെങ്കിലും അപേക്ഷ ജില്ലാകളക്ടർക്ക് നൽകേണ്ടതാണ്. മാത്രമല്ല അപേക്ഷ ലഭിച്ചു എന്ന് വിവരം ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൽ വിളിച്ച് ഉറപ്പാക്കേണ്ടതുമാണ്. കൂടാതെ ഡാം തുറന്നുവിടുന്നതിന് മുൻപ് വിവരം അറിയിക്കുകയും വേണം.
പഞ്ചായത്ത്, നഗരസഭ റോഡുകളിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം തടസമുണ്ടായാൽ സമയബന്ധിതമായി ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം (RRT) രൂപികരിച്ച് ഇന്ന് തന്നെ പ്രവർത്തനം ആരംഭിക്കുന്നതിനും നിർദ്ദേശമുണ്ട്.
തകർന്ന ലയങ്ങളുടെ പുനരുദ്ധാരണം പ്ലാൻറ്റേഷൻ ഇൻസ്പെക്ടർ മാരുടെ നേതൃത്വത്തിൽ അടിയന്തരമായി പൂർത്തിയാക്കേണ്ടതാണ്.
അപകടകരമായ മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അപകടാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികൾ അതത് വില്ലേജോഫീസർമാർ സ്വീകരിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ വളർത്തു മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ഷെൽട്ടർ ഹോം ഒരുക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ദേശീയപാത 85 ൽ നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണെടുത്തതുമൂലം അപകടാവസ്ഥയിലായ മരങ്ങൾ ദേശീയപാതാ വിഭാഗവും വനം വകുപ്പും സംയുക്തമായി പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.