കാസർകോട് ദേശീയപാത നിമ്മാണത്തിലെ അപാകത;ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ശേഖർ കുര്യാക്കോസ്


കേരളത്തിലെ ദേശീയപാതകൾ തകരുന്ന പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. കാസർകോട് ജില്ലയിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് പഠനം നടത്തി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഡിഎംഎയുടെ നിർദേശ പ്രകാരം ജിയോളജിക്കൽ സർവേയാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം നാഷണൽ ഹൈവേ ഓഫ് അതോറിറ്റി ദുരന്തനിവാരണ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ദുരന്തനിവാരണ പ്ലാൻ എൻഎച്ച്എഐ ഇതുവരെ നൽകിയിട്ടില്ലെന്ന് ശേഖർ കുര്യാക്കോസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി.
2024ലായിരുന്നു കാസർകോട് ജില്ലയിലെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ച് ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ജില്ല ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് പങ്ക് വെച്ചിരുന്നു. ഇതേതുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മൂന്നംഗ സമിതിയെ ഒരുപഠനം നടത്തുവാൻ വേണ്ടി കാസർകോടേക്ക് അയക്കുകയായിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത മാസം തന്നെ പഠന റിപ്പോർട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. എന്നാൽ പഠന റിപ്പോർട്ട് പ്രകാരം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന വിമർശനം.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിരുന്നു. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തി. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടിയിരുന്നു. സമാന സംഭവങ്ങൾ ഈ ജില്ലകളിൽ വ്യാപകമായി ഉയർന്ന് വരുന്നുണ്ട്.