കാളികാവിലെ നരഭോജി കടുവയെ മയക്കുവെടി വെച്ചാൽ പോര, കൊല്ലണം; പഞ്ചായത്ത് പ്രസിഡന്റ്


മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ. കടുവയെ പിടിക്കാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകൾ പ്രദേശത്ത് കഴിയുന്നത്. നിലവിൽ കടുവയുടെ കാൽപ്പാടുകൾ കണ്ട ഭാഗം ജനവാസ മേഖലയാണ്. ടാപ്പിംഗ് തൊഴിലാളികളുടെ ജോലി ഉൾപ്പടെ മുടങ്ങി. എത്രയും വേഗം തന്നെ കടുവയെ പിടിച്ച് മയക്കുവെടിവെക്കാതെ കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ പറഞ്ഞു.
അതേസമയം, നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുകയാണ്. കടുവയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂറാണ് കൊല്ലപ്പെട്ടത്. ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയ മലപ്പുറം കരുളായിയിൽ വനം വകുപ്പിൻ്റെ ദൗത്യം തുടരുകയാണ്. 60 അംഗ RTT സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തുന്നത്. 50 ഓളം നിരീക്ഷണ ക്യാമറുകളും അഞ്ച് ലൈവ് സ്ട്രീം ക്യാമറകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ ആദ്യ ദിനത്തിൽ മാത്രമാണ് കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ഇതിനിടെ അടക്കാക്കുണ്ട് മങ്ങൾപ്പാറക്ക് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
ഗഫൂറിനെ കടുവാ ആക്രമിച്ചുകൊലപ്പെടുത്തിയ പ്രദേശത്തിൻ്റെ മറുഭാഗത്തായാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കടുവയുടെ സാന്നിധ്യം ഉറപ്പാക്കിയതിനു ശേഷം മാത്രമേ മുത്തങ്ങയിൽ നിന്ന് എത്തിച്ച രണ്ട് കുങ്കിയാനകളുമായുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു.കുങ്കിയാനയുടെ ആക്രമത്തിൽ പരുക്കേറ്റ പാപ്പാൻ അഭയ് കൃഷ്ണയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കടുവാ ദൗത്യത്തിനിടെ സ്ഥലം മാറ്റിയ നിലമ്പൂർ സൗത്ത് DFO ധനിക് ലാൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.