നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിയമിച്ച അസംബ്ലി ലെവൽ ട്രെയിനേഴ്സിന് പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ നിയോജക മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം 50 പേർ പരിശീലനത്തിൽ പങ്കെടുത്തു. പത്രികാസമർപ്പണം
മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ കാര്യങ്ങളും പരിശീലന പരിപാടിയിൽ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ അസംബ്ലി ലെവൽ ട്രെയിനേഴ്സിനാണ് അതാത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൻ്റെ നടത്തിപ്പ് ചുമതല. കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതും ഇവരാണ്. ആദ്യഘട്ട പരിശീലനത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് മെഷീൻ, വി.വിപാറ്റ് തുടങ്ങി യന്ത്രസാമാഗ്രികളുടെ പ്രവർത്തനമുൾപ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രായോഗിക പരിശീലനവും നൽകും. ജില്ലാ നോഡൽ ഓഫീസറും കട്ടപ്പന എൽഎ സ്പെഷ്യൽ തഹസിൽദാരുമായ ജി.ജീവ, സീനിയർ ക്ലർക്കുമാരായ ഷൈജു തങ്കപ്പൻ, ലാൻസൺ വി.ടി എന്നിവർ ക്ലാസ് നയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ജൂനിയർ സൂപ്രണ്ട് ഹോർമിസ് കുരുവിള എന്നിവർ പങ്കെടുത്തു.













































































