ഇന്ത്യ തകർത്തത് പാകിസ്താന്റെ വജ്രായുധം JF 17 വിമാനമെന്ന് സൂചന


ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്. ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനം ആകുകയുളൂ. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണിരിക്കുന്നത്. സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്.
നിലവിൽ പാകിസ്താന്റെ കൈവശമുള്ള അത്യാധുനിക യുദ്ധ വിമാനമാണിത്. പാകിസ്താനും ചൈനയും സംയുക്തവുമായി നിർമിച്ച മൾട്ടി-റോൾ ഫൈറ്റർ ജെറ്റായ ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയതെന്ന് പാകിസ്താൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്.
ഇന്ത്യൻ ആക്രമണങ്ങൾക്ക് പിന്നാലെ, പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിൽ പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തി. പാകിസ്താൻ പ്രദേശത്തിനുള്ളിലെ മുസാഫറാബാദ്, കോട്‌ലി, ബഹാവൽപൂരിലെ അഹമ്മദ് ഈസ്റ്റ് പ്രദേശം എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്.