‘തിരഞ്ഞെടുപ്പ് ഫലം ശെരിവെച്ച വിധിയിൽ സന്തോഷം; ഹൈക്കോടതി വിധിയിൽ കുറേ പിഴവുകളുണ്ടായിരുന്നു’, ദേവികുളം MLA എ രാജ


തിരഞ്ഞെടുപ്പ് ഫലം ശെരിവെച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ദേവികുളം എംഎൽഎ എ രാജ. 2 വർഷം മുൻപ് ഹൈക്കോടതിയിൽ വിധി വന്നപ്പോൾ സുപ്രീംകോടതിയിൽ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ഉയർത്തിയിരുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ ഹൈക്കോടതി അതൊന്നും കാണാതെ ഒരു വിഷയം മാത്രമാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്. കുറെയധികം പിഴവുകൾ ഹൈക്കോടതി വിധിക്കുള്ളിൽ ഉണ്ടായിരുന്നു, അതിനെതിരെ ശക്തമായി നിയമയുദ്ധം നടത്താൻ തന്നെയാണ് തീരുമാനിച്ചിരുന്നത് എ രാജ പ്രതികരിച്ചു.
സുപ്രീംകോടതി വിധി ദേവികുളം മേഖലയിൽ താമസിക്കുന്ന തോട്ടംതൊഴിലാളികൾക്ക് ആശ്വാസകരമാണ്. തന്റെ പൂർവ്വികർ 1949 മുതൽ തുടർച്ചയായി ഏകദേശം 75 വർഷമായി ഈ കേരളത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകളടക്കം സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നു. സുപ്രീംകോടതിക്ക് വാദങ്ങൾ കേൾക്കുമ്പോൾ തന്നെ കാര്യങ്ങൾ മനസിലായിരുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലെ ആക്ഷേപം. എന്നാൽ കേസ് നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു ഘട്ടത്തിൽ താൻ തെറ്റായിട്ടാണ് സർട്ടിഫിക്കറ്റ് വാങ്ങി മത്സരിച്ചതെന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് അവർക്കത് പറയാമായിരുന്നു. ഒരു ഘട്ടത്തിലും അത് പറഞ്ഞിട്ടില്ല. പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദേവികുളത്ത് ചരിത്രപരമായ ഭൂരിപക്ഷം നേടി ജനങ്ങൾ തന്നെ വിജയിപ്പിച്ച് 60 ത് ദിവസത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഒരു കേസുമായി പരാതിക്കാരൻ വരുന്നത്. അവർകൊണ്ടുവന്ന സാക്ഷികളടക്കം തനിക് അനുകൂലമായിട്ടാണ് കോടതിയിൽ മൊഴി നൽകിയത് എ രാജ പറഞ്ഞു.
അതേസമയം, പരിവർത്തിത ക്രിസ്ത്യനായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ ഹൈകോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വാദം ശരിവെച്ച ഹൈകോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. പിന്നാലെയാണ് രാജ സുപ്രീംകോടതിയെ സമീപിച്ചത്. രാജ പട്ടികജാതിക്കാരൻ അല്ല എന്ന വാദത്തിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്ന് ഹർജിക്കാരനായ ഡി കുമാർ പറഞ്ഞു.
അനാവശ്യ വിവാദമുണ്ടാക്കിയവർക്കുള്ള താക്കീതാണ് വിധിയെനന്നായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം. സുപ്രീംകോടതി വിധിയോടെ ആരോപണങ്ങളെ അതിജീവിക്കാനായത് എ രാജക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്.