സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞബദ്ധരാകണം:മന്ത്രി റോഷി അഗസ്റ്റിന്‍
നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ഇടുക്കി എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍. ചടങ്ങില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും കാത്തു സൂക്ഷിക്കണം.
കോവിഡ് മഹാമാരിയുമായുള്ള വലിയ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. നാം ഓരോരുത്തരും പോരാളികളെ പോലെ കോവിഡിനെതിരെ ചെറുത്തു നില്‍ക്കണം. ലോക്ക്‌ഡൗണ്‍ കാലയളവിലും കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പ്രതിസന്ധികള്‍ ഉണ്ട്. ഡിജിറ്റല്‍ പഠനത്തിലേക്കു മാറുമ്പോള്‍ പഠന ഉപകരണങ്ങള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ട്. സര്‍ക്കാര്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട്. പരീക്ഷകള്‍ മികച്ചതായി നടത്താന്‍ സാധിച്ചുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. കൂടാതെ കാര്‍ഷിക മേഖലയില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു.
ഓണ കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തിയത് ഒട്ടേറെ കര്‍ഷകര്‍ക്ക് ആശ്വാസമായി. നാണ്യ വിളകളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. എല്ലായിടത്തും ജല സേചന സൗകര്യം എത്തിച്ചു നല്‍കും. സഹകരണ വകുപ്പുമായി ആലോചിച്ചു മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ ജില്ലയില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
പരേഡ് കമാന്റര്‍ ആര്‍എസ്‌ഐ ചാക്കോ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ സുനില്‍ പിഎം – ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇടുക്കി, പുഷ്പ – ലോക്കല്‍ പോലീസ് വനിതാ, കട്ടപ്പന എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കിരണ്‍ വിജെ എന്നിവരുടെ ടീമുകളാണ് പരേഡില്‍ അണിനിരന്നത്. ഇടുക്കി ക്യാമ്പിലെ മത്തായി ജോണിന്റെ നേതൃത്വത്തിലുള്ള ബാന്‍ഡ് ടീം പരേഡിന് താളലയമൊരുക്കി.എംപി ഡീന്‍ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ വിഷ്ണുരാജ് പി,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ തുടങ്ങി വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.