മാഹിയിലും മദ്യവില വർധിക്കും; തീരുവയും ലൈസൻസ് ഫീസും വർധിപ്പിച്ച് പുതുച്ചേരി


മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇതു പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും.
മദ്യത്തിന്റെ എക്സൈസ്, അഡിഷണൽ എക്സൈസ്, സ്പെഷ്യൽ എക്സൈസ് തീരുവകൾക്കൊപ്പം മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം.
ഇത് ലഫ്റ്റനന്റ് ഗവർണറുടെ ഒപ്പോടെ പ്രാബല്യത്തിൽ വന്നാൽ മാഹി, പുതുച്ചേരി, യാനം, കാരൈക്കൽ എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്.
ഏകദേശം ഒമ്പത് വർഷത്തിന് ശേഷമാണ് പുതുച്ചേരി എക്സൈസ് തീരുവ വർധിപ്പിക്കുന്നത്. ഒമ്പതു വർഷത്തിനു ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും അതു നിലവിൽ വന്നാലും മദ്യവില അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.