തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി


തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ബോംബ് ഭീഷണിയുണ്ടായത്. വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ വഞ്ചിയൂര്‍ പൊലീസിനെ കോടതി അധികൃതര്‍ വിവരമറിയിക്കുകയും വഞ്ചിയൂര്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിക്കുളളില്‍ പരിശോധന നടത്തുകയും ചെയ്തു.
രണ്ടാഴ്ച്ച മുന്‍പാണ് ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി വന്നത്. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും പൊലീസും വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേദിവസം തന്നെ ആറ്റിങ്ങല്‍ കോടതിയിലും കൊല്ലം ജില്ലാ കോടതിയിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു. എന്നാല്‍ ഇവിടങ്ങളിലൊന്നും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, കൊല്ലം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണിയുണ്ടായത്. കളക്ടര്‍മാരുടെ ഇമെയില്‍ ഐഡികളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. നേരത്തെ കേരളാ ഹൈക്കോടതിയിലും തൃശൂരിലെയും പാലക്കാട്ടെയും ആര്‍ഡിഒ ഓഫീസുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.