എഴുകുംവയൽ കുരിശുമല കയറ്റം ഒരുക്കങ്ങൾ പൂർത്തിയായി


പ്രാർത്ഥനയുടെയും ഭക്തിയുടെയും നോമ്പാചരണത്തിന്റെയും ഭാഗമായി കുരിശുമല കയറാൻ ഒരുങ്ങുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാൻ തയ്യാറായി എഴുകുംവയൽ ഗ്രാമവും ഗ്രാമവാസികളും. ദുഃഖവെള്ളി ആചരണത്തിനും കുരിശുമല കയറ്റത്തിനും ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിവിധ കമ്മറ്റികളിലായി 500ലധികം വോളണ്ടിയേഴ്സ് സജീവമായ പ്രവർത്തനങ്ങളിലാണ്. ദുഃഖവെള്ളിയാഴ്ച കുരിശുമലയിലെത്തുന്ന വിശ്വാസികൾക്ക് നേർച്ച കഞ്ഞിയോടൊപ്പം വിതരണം ചെയ്യുന്നതിനുള്ള അച്ചാർ നിർമ്മാണം മാതാക്കളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. തീർത്ഥാടകർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങളും പൂർത്തിയായി കഴിഞ്ഞു. ദുഃഖ വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ കട്ടപ്പനയിൽ നിന്നും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും കുരിശുമല ജംഗ്ഷനിലേക്ക് സർവീസ് നടത്തുന്നതാണ്.നെടും കണ്ടത്ത് നിന്നും രവിലെ 6. 30 മുതൽ കുരിശുമല ജംഗ്ഷ നിലേക്ക് കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസ്സുകളുടെയും സർവീസ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ തോപ്രാംകുടിയിൽ നിന്നും ,മുരിക്കാശ്ശേരി, പാണ്ടിപ്പാറ ,കുമളി, ഉപ്പുതറ എന്നിവിടങ്ങളിൽനിന്നും കുരിശുമല ജംഗ്ഷനിലേക്ക് ബസ് സർവീസ് അറേൻജ് ചെയ്തിട്ടുണ്ട് .മല അടിവാരത്തും, ഇടവക ദേവാലയ പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സൗകര്യവും, ആംബുലൻസ് സേവനവും, വിശ്രമ കേന്ദ്രവും പ്രവർത്തിക്കുന്നതാണ്. ഓഫീസ് അനൗൺസ്മെൻറ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളം, നേർച്ച കഞ്ഞിവയ്ക്കാനുള്ള കമ്മിറ്റികൾ എന്നിവസജീവമായി പ്രവർത്തിക്കും. കുരിശുമലയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും കുരിശുമലയിലെ വിശുദ്ധ രൂപങ്ങൾ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കട്ടപ്പനയിൽ നിന്നുമുള്ള വാഹനങ്ങൾ ഇരട്ടയാർ -വലിയതോവാള – അഞ്ചുമുക്ക് വഴിയും, നെടുംകണ്ടത്തു നിന്നും ഉള്ള വാഹനങ്ങൾ ചേമ്പളം – കൗന്തി വഴിയും, ഇടുക്കി – തങ്കമണി ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ശാന്തി ഗ്രാം – വെട്ടിക്കാമറ്റം വഴിയും, അടിമാലി – ചിന്നാർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ഈട്ടിത്തോപ്പ് – പുത്തൻ പാലം വഴിയും, മഞ്ഞപ്പാറ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ തൂവൽ – കൈലാസ നഗർ വഴിയും മലയടിവാരത്ത് എത്തേണ്ടതാണ്. അഭിവന്ദ്യ പിതാവ് മാർ ജോൺ നെല്ലിക്കുന്നേൽ,നേതൃത്വം നൽകുന്ന കുരിശിൻറെ വഴികളിലൂടെയുള്ള പരിഹാര പ്രദക്ഷിണം, ദുഃഖവെള്ളിയാഴ്ച രാവിലെ 7 മണിക്ക് കുരിശുമല അടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിക്കും. തുടർന്ന് തിരുക്കർമ്മങ്ങൾ തീർത്ഥാടക ദേവാലയത്തിൽ അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. അഭിവന്ദ്യ പിതാവ് ദുഃഖവെള്ളിയുടെ സന്ദേശവും നൽകും. മലമുകളിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും നേർച്ച കഞ്ഞി വിതരണം ചെയ്യുന്നതാണ് .കുരിശുമല കയറുന്നതിനും പ്രാർത്ഥിച്ച്, ദണ്ഡ വിമോചനം നേടുന്നതിനും ; എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ തോമസ് വട്ടമല ,ഫാദർ ലിബിൻ വള്ളിയാം തടത്തിൽ ,ഫാദർ ആൻറണി പാലാപുളിക്കൽ എന്നിവർ അറിയിച്ചു. വാഹന സംബന്ധമായ വിശദവിവരങ്ങൾക്ക് 944 752 18 27 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.