നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരായ ഇ ഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്


നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ് 24 നോട് പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
അതേസമയം, ഇ ഡി നടപടിക്കെതിരെ രാജ്യവ്യാപ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി നടപടിക്കെതിരെ ആയിരുന്നു ഡല്‍ഹി എഐസിസി സ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടും എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങോട്ടും ഒളിച്ചോടുന്നില്ല. രാഹുലിനെയും സോണിയ ഗാന്ധിയെയും നേരത്തെ ഇഡി ചോദ്യം ചെയ്തതാണ്. അന്വേഷണത്തോട് നേതാക്കള്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. റോബര്‍ട്ട് വദ്രക്ക് എതിരെ നടക്കുന്നതും രാഷ്ട്രീയ പകപോക്കലാണ് – ഷമ വ്യക്തമാക്കി. കേസ് രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവ് സുപ്രിയ ശ്രീനേതും ട്വന്റിഫോറിനോട് പ്രതികരിച്ചു.
എഐസിസി ആസ്ഥാനത്തുനിന്ന് ഇ.ഡി ഓഫീസിലേക്കുള്ള മാര്‍ച്ച് നടത്താനുള്ള പ്രവര്‍ത്തകുടെ നീക്കം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
അതിനിടെ ഹരിയാന ഭൂമിയുടെ പാട് കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് വീണ്ടും ഇഡി മുന്നില്‍ ഹാജരായി. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് ഇ ഡി ഓഫീസിലെത്തിയത്. ഷികോപുരിലെ ഭൂമി മറച്ചു വിറ്റതില്‍ ക്രമക്കേടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ആറുമണിക്കൂര്‍ ഇഡി റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു.