സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി


അങ്ങനെ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി വരവായി. നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ ലോകമെമ്പാടുമുളള മലയാളികള്‍ കണികണ്ടുണരുകയാണ്. മേടമാസത്തിലാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ് കണ്ണിന് പൊന്‍കണിയായി ഉരുളിയിലൊരുക്കുന്നത്. രാവിലെ കണി കണ്ടുണര്‍ന്ന് വിഷുക്കൈനീട്ടം വാങ്ങി ഒത്തുചേരലിന്റെ വിഷു ആഘോഷത്തിന് തുടക്കമാവുകയാണ്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചും വിഷുസദ്യ ഒരുക്കിയും പടക്കം പൊട്ടിച്ചുമാണ് മലയാളികളുടെ വിഷു ആഘോഷം.
വിഷു എന്ന പേരുവന്നത് വിഷവം എന്ന വാക്കില്‍ നിന്നാണ്. രാവും പകലും തുല്യമായ ദിവസം എന്നാണ് വിഷുവം എന്ന വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ ഇപ്പോള്‍ രാവും പകലും തുല്യമായ ദിനത്തിലല്ല നാം വിഷു ആഘോഷിക്കുന്നത്. വിഷുവം കഴിഞ്ഞുവരുന്ന സൂര്യസംക്രമമാണ് വിഷു ആഘോഷത്തിന് അടിസ്ഥാനമാകുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി പതിനായിരക്കണക്കിനുപേരാണ് എത്തിയത്. പുലര്‍ച്ചെ 2.45-ന് ആരംഭിച്ച വിഷുക്കണി ദര്‍ശനത്തിനായി എത്തിയ ഭക്തരുടെ നിര കിലോമീറ്ററുകളോളം നീണ്ടു. ഉച്ചവരെയാണ് വിഷുക്കണി ദര്‍ശനമുളളത്. ഓട്ടുരുളിയില്‍ സ്വര്‍ണനാണയവും വാല്‍ക്കണ്ണാടിയും ഉള്‍പ്പെടെ വിവിധ വിഭവങ്ങള്‍ വിഷുക്കണിയായി ഒരുക്കിവെച്ചിരുന്നു. വിഷുവിനോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.