ആശങ്കയുയർത്തി കഞ്ഞിക്കുഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം
ചെറുതോണി : കഞ്ഞിക്കുഴി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. വെള്ളിയാഴ്ച ടൗൺ കേന്ദ്രീകരിച്ച് 88 പേരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 146 രോഗികളാണ് ചികിത്സയിലുള്ളത്. 233 പേർ പ്രാഥമിക സമ്പർക്ക നിരീക്ഷണത്തിലുമാണ്.
സമ്പർക്ക വിലക്കിൽ ഇളവ് വന്നതോടെ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതാണ് രോഗവ്യാപനം കൂടാൻ കാരണമായതെന്ന് മെഡിക്കൽ ഓഫീസർ സരീഷ് ചന്ദ്രൻ പറഞ്ഞു.
കഞ്ഞിക്കുഴി, വെൺമണി, ആൽപ്പാറ, മഴുവടി, എന്നിവടങ്ങളിൽ 850-ഓളം പേരിൽ ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തിയെങ്കിലും കഞ്ഞിക്കുഴി ടൗണിലെ വ്യാപാരികളിലും ഓട്ടോറിക്ഷ തൊഴിലാളികളിലുമാണ് രോഗവ്യാപനം കൂടിയത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും വ്യാപാരികളും പൊതുജനങ്ങളും ആരോഗ്യവകുപ്പിന്റെയും പോലീസിന്‍റെയും കർശനമായ നിർദേശം പാലിക്കാൻ തയ്യാറാകണമെന്നും മെഡിക്കൽ ഓഫീസർ സരീഷ് ചന്ദ്രൻ മുന്നറിയിപ്പ് നൽകി.