ബോക്സോഫീസിൽ ഏറ്റുമുട്ടാനൊരുങ്ങി രജനിയും ഹൃത്വിക്കും


ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഇന്ത്യൻ ചിത്രങ്ങളായ രജനികാന്തിന്റെ കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. വിജയ്‌യുടെ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ബ്രഹ്‌മാസ്‌ത്ര എന്ന രൺബീർ കപൂർ ചിത്രത്തിന് ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 വിൽ ജൂനിയർ എൻ.ടി.ആർ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും.
ബോളിവുഡും കോളിവുഡും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളെന്ന് മാത്രമല്ല രണ്ടിലും തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കൾ കൈകോർക്കുന്നതിനാൽ ഇരു ചിത്രങ്ങളും രാജ്യമാകെ ചർച്ചയാകാൻ തന്നെയാണ് സാധ്യത. സ്പൈ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായ വാർ ഒന്നാം ഭാഗം സിദ്ധാർഥ് ആനന്ദ് ആയിരുന്നു സംവിധാനം ചെയ്തത്. പിന്നീട് ഷാരൂഖ് ഖാന്റെ പത്താൻ, സൽമാൻ ഖാന്റെ ടൈഗർ 3 എന്ന ചിത്രവും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി വന്നിരുന്നു. ടൈഗർ 3 യിൽ ഹൃത്വിക് റോഷന്റെയും ഷാരൂഖ് ഖാന്റെയും അതിഥിവേഷങ്ങളും ശ്രദ്ധേയമായിരുന്നു.
കൂലിയിൽ രജനികാന്തിനൊപ്പവും വമ്പൻ താരനിരയുണ്ട്. ആമിർ ഖാനെ കൂടാതെ തെലുങ്കിൽ നിന്നും നാഗാർജുനയും കന്നടയിൽ നിന്ന് ഉപേന്ദ്രയും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
കൂലിയുടെ ടൈറ്റിൽ ടീസറും ഒരു ഗാനത്തിന്റെ പ്രോമോ വിഡിയോയും താരങ്ങളുടെ നിരവധി ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ വാർ 2 വിന്റെ ഭാഗത്തുനിന്നും റിലീസ് ഡേറ്റ് അല്ലാതെ യാതൊരു വിധ അപ്പ്‌ഡേറ്റും ആരാധകരിലേയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ചിത്രത്തിന്റെ സെറ്റിൽ നിന്നും ലീക്ക് ആയ ഹൃത്വിക് റോഷന്റേയും ജൂനിയർ എൻ.ടി.ആറിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.