ഇത് കരാട്ടെ കിഡ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ;പുതിയ ട്രെയ്‌ലർ പുറത്ത്


ലോക സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ജാക്കി ചാൻ ചിത്രം കരാട്ടെ കിഡ്: ലെജെൻഡ്‌സിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ജാക്കി ചാനൊപ്പം ബെൻ വാങ്, റാൽഫ് മാക്കിയോ, സാഡി സ്റ്റാൻലി, വയറ്റ് ഒലെഫ്, മിങ് ന വെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
1984 ൽ ഇറങ്ങിയ കരാട്ടെ കിഡ് എന്ന ചിത്രം അമേരിക്കൻ പോപ്പ് കൾച്ചറിന്റെ ഒഴിച്ചുകൂട്ടാനാവാത്ത ഭാഗമായി മാറിയിരുന്നു. പിന്നീട് 86,89,94 വർഷങ്ങളിലായി ചിത്രത്തിന്റെ തുടർ ഭാഗങ്ങൾ ഉണ്ടായി. പിന്നീട് 2010ൽ ജാക്കി ചാനെയും ജാഡെൻ സ്മിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.
ഇപ്പോൾ റിലീസിനൊരുങ്ങുന്ന കരാട്ടെ കിഡ്: ലെജിൻഡ്സിൽ 80 കളിലെയും 2010 ലെയും സിനിമകളിലെ കഥാപാത്രങ്ങൾ ഒരുമിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. സഹോദരന്റെ മരണത്തിനുശേഷം അമ്മയോടൊപ്പം അമേരിക്കയിലേയ്ക്ക് താമസം മാറുന്ന ലീ വോങ് എന്ന ചൈനീസ് കൗമാരക്കാരൻ സ്‌കൂളിൽ ബുള്ളീങ്ങിന് ഇരയാകുകയും ഹാൻ എന്ന കുങ്ഫു മാസ്റ്ററിന്റെ കീഴിൽ ആയോധന കല അഭ്യസിക്കാൻ ചേരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പിന്നീട് ആയോധന കലയുടെ ഒരു ലോക ചാമ്പ്യൻഷിപ്പിന് ലീ വോങ്ങിനെ തയാറെടുപ്പിക്കാനായി തന്റെ കുങ്ഫു ശൈലിക്കൊപ്പം ഡാനിയൽ ലാ റൂസ്സോ എന്ന മാസ്റ്ററിന്റെ ശൈലിയും സമന്വയിപ്പിക്കുന്നതോടെ കഥ വികസിക്കുന്നു. ഒറിജിനൽ കരാട്ടെ കിഡ് ചിത്രങ്ങളുടെ സ്‌പിൻനോഫ് ആയ കോബ്ര കൈ എന്ന ടിവി ഷോയിലെ അഭിനേതാക്കളെയും പുതിയ ചിത്രത്തിൽ കാണാം എന്നാണ് റിപ്പോർട്ടുകൾ. ചിത്രം മെയ് 30 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.