സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്. പ്രദര്‍ശന വിപണന മേള “എന്റെ കേരളം 2025” ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ. Y
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം ഏപ്രില്‍ 28 നും “എന്റെ കേരളം 2025” പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെയും നടക്കും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപികരണയോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.
സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിൽ പ്രകാശനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ജില്ലയിലുണ്ടായ മാറ്റം, നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, അദാലത്തുകള്‍, വികസനത്തിന്റെ നേര്‍ചിത്രങ്ങള്‍ എന്നിവ മേളയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതല യോഗത്തിൽ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ , ട്രേഡ് യൂണിയന്‍/തൊഴിലാളി പ്രതിനിധികള്‍, യുവാക്കള്‍/യുവതികള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍(ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അഭിഭാഷകര്‍, അധ്യാപകര്‍ .), വ്യവസായികള്‍, പ്രവാസികള്‍ ,സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, തുടങ്ങിയ അഞ്ഞൂറോളം പേർ പങ്കെടുക്കും.
ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശന വിപണന മേള വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത്
സംഘടിപ്പിക്കും. സർക്കാർ സേവനങ്ങള്‍, പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം, വ്യവസായം, കൃഷി, തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകളും നടക്കും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
യോഗത്തിൽ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഓണ്‍ലൈനായി പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, ഇടുക്കി സബ്കളക്ടര്‍ അനൂപ് ഗാര്‍ഗ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എസ് വിനോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍
സി.വി വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, രാഷ്ട്രീയകക്ഷി നേതാക്കളായ പി.ബി. സബീഷ്, ഷിജോ തടത്തിൽ ,എം കെ പ്രിയൻ ,സണ്ണി ഇല്ലിക്കൽ ,സി എം അസീസ് ,സജി തടത്തിൽ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















































































































