മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു


വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി “ഒത്തുചേർന്ന് വൃത്തിയിലേക്ക്” എന്ന മുദ്രാവാക്യവുമായി ചെറുതോണി ടൗണിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നിർവഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു.
ചെറുതോണി ടൗൺ മുതൽ മെഡിക്കൽ കോളേജ്, വെള്ളക്കയം എന്നീ സ്ഥലങ്ങളി ലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളാണ് പരിപാടിയുടെ ഭാഗമായി വൃത്തിയാക്കിയത്. വാഴത്തോപ്പ് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും മെഗാ ക്ലീനിങ്ങിന്റെ ഭാഗമായി മാലിന്യമുക്ത പരിപാടികൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, വ്യാപാരികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.