ജലവിഭവ വകുപ്പ് തുടർച്ചയായി ഇറക്കുന്ന ജനദ്രോഹ ഉത്തരവുകൾ മന്ത്രി റോഷി അഗസ്റ്റൻ അറിഞ്ഞാണോയെന്ന് സംശയിക്കുന്നതായി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി


ജലവിഭവ വകുപ്പ് തുടർച്ചയായി ഇറക്കുന്ന ജനദ്രോഹ ഉത്തരവുകൾ മന്ത്രി റോഷി അഗസ്റ്റൻ അറിഞ്ഞാണോയെന്ന് സംശയിക്കുന്നതായി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു.
ഡാമുകൾക്ക് ചുറ്റും ബഫർ സോൺ നടപ്പാക്കിയതിന് പുറമേ ഇപ്പോൾ കൂടുതൽ സ്‌ഥലങ്ങളിലേക്ക്
ബഫർ സോൺ ഉത്തരവ് വ്യാപിപ്പിച്ച് ഖനനപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ഈ നടപടി സംസ്ഥാനത്ത് നിർമാണ സാമഗ്രികളുടെ ദൗർലഭ്യം രൂക്ഷമാക്കും. കഴിഞ്ഞ ജനുവരി 20നാണ് ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കിയത്. 2021 ലെ ഡാം സുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ ഡാമുകളിലും ഈ ഉത്തരവ് ബാധകമാണ്. കൂടാതെ ജലവിഭവവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണൽ, ബണ്ട്, കനാലുകൾ, തടയണകൾ, നദികൾ, അരുവികൾ, തടാകങ്ങൾ, കൈതോടുകൾ, കുളം, വാട്ടർ ടാങ്കുകൾ, എന്നിവക്ക് ചുറ്റും ഈ ഉത്തരവ് പ്രകാരം ബഫർ സോൺ വന്നുകഴിഞ്ഞു. ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെയാണ് ബഫർ സോണിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഡാമിന് ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമെർപ്പെടുത്തിയതിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ ഇപ്പോൾ പിൻവലിക്കുമെന്ന് മന്ത്രി പറയുന്നു. എന്നാൽ ആശാസ്ത്രീയമായ ഈ നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രിക്ക് എന്താണ് പറയാനുള്ളത്.
*വിലക്കുകൾ പലവിധം*
ജില്ലയിൽ നിലവിൽ ഖനനത്തിന് ഒട്ടേറെ വിലക്കുകൾ ഉണ്ട്. ദുരന്ത നിവാരണ നിയമം നടപ്പിലാക്കിയിട്ടുള്ള 13 പഞ്ചായത്തുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. കൂടാതെ സി എച്ച് ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിലും ഖനനം പാടില്ല. ഇതുകൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണം കൂടി വരുന്നതോടെ ഖനന പ്രവർത്തനങ്ങൾ പൂർണമായും തടസ്സപ്പെടും.
നിർമാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ജില്ലയിൽ പാറ ഖനനത്തിന് അനുമതി നൽകണമെന്നവശ്യപ്പെട്ട് സമരം നടത്തുന്ന സിപിഎം, ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇടതുസർക്കാർ ഇറക്കിയ ഈ ഉത്തരവിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കണം.
*ബഫർ സോൺ വ്യാപിപ്പിക്കുന്നതിലെ അപകടം*
കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഒട്ടേറെ കുളങ്ങളും ചെക്കുഡാമുകളും ടാങ്കുകളും സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ ജലവിഭവവകുപ്പ് നിർമിച്ചിട്ടുണ്ട്. ഈ നിർമിതികളുടെ ചുറ്റും ബഫർ സോൺ വരും. ഫലത്തിൽ കൃഷിഭൂമിയും ബഫർ സോൺ പരിധിയിലാകും. ഒരേക്കർ ഭൂമിയുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ 30 മീറ്റർ ചുറ്റളവിൽ ബഫർ സോൺ വന്നാൽ പിന്നെ ബാക്കി എത്ര സ്‌ഥലം ഉണ്ടാകും എന്ന് ആലോചിച്ചാൽ തന്നെ അപകടം നമുക്ക് മനസ്സിലാക്കാം.
*മന്ത്രിയുടെയും സിപിഎമ്മിന്റെയും കാപട്യം*
മുൻപ് വന പ്രദേശത്തോട് ചേർന്ന് ജനവാസ മേഖലകൾ ഉൾപ്പടെ ഒരു കിലോമീറ്റർ ബഫർ സോണിന്റെ പരിധിയിലായപ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ യോഗം വിളിച്ച് ജനവാസ മേഖലയിൽ സീറോ ബഫർ സോണെന്ന് പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിനാണ് സ്വന്തം വകുപ്പ് ഉപയോഗിച്ച് കൃഷി ഭൂമിയിലേക്ക് ബഫർ സോൺ വ്യാപിപ്പിച്ചത്.
നിർമാണ സാമഗ്രികളുടെ ദൗർലഭ്യം മൂലം സ്തംഭനാവസ്ഥയിലായ ജില്ലയിലെ നിർമാണ മേഖലയെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
സർക്കാർ നിയന്ത്രണത്തിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന് പാറ പൊട്ടിച്ച് ആവശ്യക്കാർക്ക് ന്യായവിലക്ക് ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യമുയരുന്നതിനിടയിൽ ജലവിഭവ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് ജില്ലയിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമാകും.
സർക്കാർ ഒരു പഠനവും നടത്താതെ രഹസ്യമായി ഇതുപോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജില്ലയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും. സ്വന്തം സർക്കാരിന്റെ ജനദ്രോഹ നടപടികൾ തിരുത്താൻ നടപടി സ്വീകരിക്കാതെ സിപിഎം സമരം നടത്തുന്നത് പരിഹാസ്യമാണ്. ഇത് വിലപ്പോവില്ലന്നുമാത്രമല്ല ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
*പുതിയ ഉത്തരവ് പ്രകാരം ഖനന പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ*
1) 2021 ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ഡാമുകൾക്കും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന ടണൽ, ബണ്ട്, ചെറിയ ഡാം, കനാലുകൾ എന്നിവക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരപരിധിയിൽ ബഫർ സോൺ ബാധകമാക്കി.
2) ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തടയണകൾക്കും ചെക്കുഡാമുകൾക്കും 300 മീറ്റർ ചുറ്റളവ് ബഫർ സോണിന്റെ പരിധിയിലാകും.
3) ചെറുതും ഇടത്തരവുമായ കനാലുകൾ, ജലസംഭരണികൾ എന്നിവക്ക് 250 മീറ്റർ ചുറ്റളവിൽ ബഫർ സോൺ ബാധകം.
4) നദികൾ, അരുവികൾ, തടാകങ്ങൾ, 20000 ലീറ്ററിന് മുകളിൽ സംഭരണശേഷിയുള്ള ടാങ്കുകൾ എന്നിവക്ക് 200 മീറ്റർ ചുറ്റളവിൽ ബഫർ സോൺ ബാധകം.
5) ചെറിയ കനാൽ, കൈതോടുകൾ, കുളം, ടാങ്ക് എന്നിവക്ക് 125 മീറ്റർ ചുറ്റളവിൽ ബഫർ സോൺ ബാധകം
6) 20,000 ലിറ്ററിൽ താഴെ സംഭരണ ശേഷിയുള്ള ചെറിയ ടാങ്കുകൾക്ക് ചുറ്റും 30 മീറ്റർ ബഫർ സോൺ ബാധകം.
ഇത്തരത്തിൽ കർഷക സ്നേഹം നടിക്കുന്ന സർക്കാരിൻ്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് DCC ജനറൽ സെക്രട്ടറി
ബിജോ മാണി, മുകേഷ് മോഹൻ, സിജു ചക്കുംമൂട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.