ഇടുക്കിയിലെ വികസന പദ്ധതികൾക്കുള്ള ഭൂമി കൈമാറ്റ വിഷയങ്ങളിൽ മന്ത്രിതല ചർച്ച നടന്നു


ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികൾക്കുള്ള സർക്കാർ ഭൂമി കൈമാറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
അക്കാമ്മ ചെറിയാൻ സ്മാരക സാംസ്കാരിക സമുച്ചയം, മൾട്ടിപ്ലെക്സ് തിയറ്റർ കോപ്ലക്സ്, കെഎസ്ആർടിസിക്ക് ഓപ്പറേറ്റിങ് സെൻ്റർ, മിനി ഫുഡ് പാർക്ക് എന്നിവയ്ക്കുള്ള ഭൂമി കൈമാറ്റമാണ് യോഗം ചർച്ച ചെയ്തത്.
ഇടുക്കി ആർച്ച് സാമിനോട് ചേർന്നാണ് സാംസ്കാരിക സമുച്ചയത്തിനായി നാല് ഏക്കർ ഭൂമി അനുവദിക്കുന്നത്. നേരത്തേ, പീരുമേട് വില്ലേജിൽ 4.31 ഏക്കർ ഭൂമിയുടെ ഉപയോഗനുമതി സാംസ്കാരിക വകുപ്പിന് നൽകിയിരുന്നു. എന്നാൽ സമുച്ചയം നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ ഉത്തരവ് റദ്ദാക്കി. പകരമാണ് ആർച്ച് ഡാമിനോട് ചേർന്ന് ഭൂമി നൽകുന്നത്. മന്ത്രിസഭയുടെ അനുമതിക്കായി ഫയൽ സമർപ്പിച്ചിരിക്കുകയാണെന്ന് റവന്യൂ മന്ത്രി യോഗത്തിൽ പറഞ്ഞു.
മൾട്ടിപ്ലെക്സ് തിയേറ്റർ കോംപ്ലക്സിനുള്ള ഭൂമിയും ആർച്ച് ഡാമിനോട് ചേർന്നാണ് അനുവദിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭൂമിയിൽ നിന്നായതിനാൽ വിഷയം തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ കൂടി പരിഗണയ്ക്ക് അയച്ചിരിക്കുകയാണ്. ഭൂമി പാട്ടത്തിനാണ് കൈമാറാനാവുക എന്നതിനാൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ പാട്ടം സംബന്ധിച്ച നിർദ്ദേശം ധനകാര്യ വകുപ്പിനും കൈമാറിയതായും റവന്യൂ മന്ത്രി അറിയിച്ചു.
ചെറുതോണിയിൽ കെഎസ്ആർടിസിക്ക് ഭൂമി അനുവദിക്കുന്നതിന് സർക്കാരിന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കും. ചെറുതോണിയിൽ വ്യവസായ വകുപ്പിന് മിനി ഫുഡ് പാർക്ക് നിർമ്മിക്കാൻ 3.84 ഏക്കർ ഭൂമി വേണമെന്ന ആവശ്യം പരിഗണനയിലാണ്. നിർവഹണ ഏജൻസിയായ കിൻഫ്രയ്ക്ക് ഭൂമി പാട്ടത്തിന് നൽകും. ഇതു സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ യോഗത്തെ അറിയിച്ചു.
ഇടുക്കി ജില്ലാ കളക്ടർ വിഘ്നേശ്വരി ഓൺലൈൻ ആയും, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.