ഡോക്ടറുടെ സീലും പ്രിസ്ക്രിപ്ഷനും വ്യാജമായി നിർമ്മിച്ച് നൈട്രോ സെപ്പാം ഗുളികകൾ വിൽപ്പന നടത്തിയ രണ്ട് പേർ പറവൂരിൽ പിടിയിൽ


ഡോക്ടറുടെ സീലും പ്രിസ്ക്രിപ്ഷനും വ്യാജമായി നിർമ്മിച്ച് നൈട്രോ സെപ്പാം ഗുളികകൾ വാങ്ങി വിൽപ്പന നടത്തുകയും, ഉപയോഗിക്കുകയും ചെയ്യുന്ന രണ്ട് പേർ നോർത്ത് പറവൂരിൽ പോലീസ് പിടികൂടി. പറവൂർ മേലേടത്ത് നിക്സൻ (31), കക്കാട്ടു പറമ്പിൽ സനൂപ് (36 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, പറവൂർ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാനസിക വിഭ്രാന്തിക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്നതാണ് ഈ മരുന്ന്. ലഹരിമരുന്നായി ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. പറവൂർ മേഖലയിലെ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന സൈക്യാട്രി ഡോക്ടറുടെ സീലും പ്രിസ്ക്രിപ്ഷനുമാണ് ഇവർ വ്യാജമായി നിർമ്മിച്ചത്. പല മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഇവർ ഇത് ഉപയോഗിച്ച് ഗുളികകൾ വാങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉമേഷ് കുമാർ, ഇൻസ്പെക്ടർ ഷോജോ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം