ഇടുക്കി വികസന പാക്കേജ് പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ വകുപ്പുകളും രൂപരേഖ സമര്‍പ്പിക്കണം: ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍


മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ നിര്‍വ്വഹണ വകുപ്പുകളും മുഗണനാ അടിസ്ഥാനത്തില്‍ ഗുണഭോക്തൃ സര്‍വ്വെ നടത്തി കരട് രൂപരേഖ സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവശ്യപ്പെട്ടു. ഇടുക്കി പാക്കേജിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ അദ്ധ്യക്ഷ വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ സാധുതയും പ്രതീക്ഷിത ചെലവും രൂപരേഖയില്‍ ഉള്‍പ്പെടുത്തണം. നിലവിലെ അവസ്ഥ, നടപ്പ് പദ്ധതികള്‍, നിലവിലെ പ്രശ്നങ്ങള്‍, ഭാവി പദ്ധതികള്‍ എന്നിങ്ങനെ അടിയന്തരമായി ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചു മുന്‍ഗണനാ ക്രമത്തിലായിരിക്കണം രൂപരേഖയില്‍ പ്രതിപാദിക്കേണ്ടത്. ഓരോ മേഖലയുടേയും നിലവിലെ അവസ്ഥ വ്യക്തമായ സ്ഥിതി വിവര കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. മേഖലയിലെ വിഭവ, വികസന സാദ്ധ്യതകളും വ്യക്തമാക്കണം. മേഖലയുടെ വികസനത്തിന് നിലവില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയുടെ വിശദാംശങ്ങള്‍ രണ്ടാം ഭാഗത്തില്‍ ചേര്‍ക്കണം. വികസന മേഖലയുടെ നിലവിലെ പ്രശ്നങ്ങളാണ് മൂന്നാം ഭാഗത്തില്‍ ഉണ്ടാകേണ്ടത്. വികസന രംഗത്ത് പിന്നോക്കം നില്‍ക്കുന്നതിന്റെ കാരണം, ഏങ്ങനെ പരിഹരിക്കാമെന്നതും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. മേഖലയുടെ വികസനത്തിന് ഭാവിയില്‍ ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചാണ് അടുത്തതായി ചേര്‍ക്കേണ്ടത്.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വേണം കര്‍മ്മ പദ്ധതി രൂപരേഖ സമര്‍പ്പിക്കേണ്ടതെന്നും വികസന കമ്മീഷണര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. രുപരേഖ ആഗസ്റ്റ് 20 നകം ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രകാശ് വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.