വയാഗ്ര ഗുളികകൾ ചേർത്ത മുറുക്കാൻ വിൽപ്പന നടത്തിയ ബീഹാർ പാട്ന സ്വദേശിയെ തൊടുപുഴയിൽ പോലീസ് അറസ്റ്റ് ചെയ്തു


വയാഗ്ര ഗുളികകൾ ചേർത്ത മുറുക്കാൻ വിൽപ്പന നടത്തിയ ബീഹാർ പാട്ന സ്വദേശിയെ തൊടുപുഴയിൽ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി. ബീഹാറിലെ പട്നയിൽ നിന്നും 40 വർഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്യുന്നയാളും ഇപ്പോൾ കോട്ടയം പാലാ കരൂർ പുരയിടത്തിൽ വീട്ടിൽ മുഹമ്മദ് താഹിർ (60) ആണ് കട നടത്തുന്നത്.
വയാഗ്ര ഗുളികൾ പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് അറസ്റ്റിലായ മുഹമദ് താഹിർ പോലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരി വസ്ഥുക്കളായ ഹാൻസ്, കൂൾ എന്നിവയും ഇയാളുടെ കടയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. മാന്യമായി വേഷം ധരിച്ച് ഒരു ഡോക്ടറെന്ന് തോന്നിപ്പിക്കും വിധമായിരുന്നു മുഹമ്മദിൻ്റെ വ്യാപാരമെന്ന് പോലീസ് സൂചിപ്പിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ എസ്.എച്ച്.ഒ വി.സി വിഷ്ണു കുമാർ, എസ്.ഐ ബിജു ജേക്കബ്, എസ്.സി.പി.ഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് റെയ്ഡ്.