രണ്ട് ദിവസത്തെ വാക്സിന്‍ ക്ഷാമത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ വാക്സിൻ ക്ഷാമത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിൻ ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീൽഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.രണ്ട് ദിവസമായി വാക്സിനേഷൻ നിലച്ച തിരുവനന്തപുരത്ത് 98,560 ഡോസ് നൽകി. ഇന്നലെ 95,308 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,21,94,304 പേർക്കാണ് വാക്‌സിൻ നൽകിയത്.
അതേസമയം, പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (W. I. P. R) എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡബ്ല്യു.ഐ.പി.ആർ നിരക്ക് 14 ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ ആക്കും. മൂന്നാം തരംഗം മുന്നിൽ കണ്ട് പീഡിയാട്രിക് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അവലോകന സമിതി തീരുമാനിച്ചു.
ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടത്തിന് അനുമതിയും നൽകി. കൂടാതെ, മദ്യം വാങ്ങുന്നതിനും കടകളിൽ പോകുന്നതിനുള്ള മാനദണ്ഡങ്ങൾ ബാധകമാക്കിയിട്ടുണ്ട്. മദ്യം വാങ്ങാൻ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണമെന്നാണ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം എന്നാണ് നിർദേശം. ഈ നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.