സുൽത്താൻ ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം


സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്.
കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സികെ ജാനു നേരത്തെ ജാമ്യം നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകി എന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസായിരുന്നു പരാതി നല്കിയത്.
കോഴക്കേസ് വിവാദമായതോടെ ജില്ലയിലെ ബിജെപിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തിരുന്നു. സി കെ ജാനുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നത്. ഇതിൽ 1.50 കോടി രൂപമാത്രം ചിലവഴിച്ചെന്നും കണ്ടെത്തി. മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ ആർ മനോജ് കുമാറുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
അതേസമയം, ഇത് കള്ളക്കേസാണെന്നും രണ്ടുതവണ കോടതി കുറ്റപത്രം തള്ളിയതാണെന്നും കെ സുരേന്ദ്രൻ ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരിച്ചു.